Currency

36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നു തുടക്കം

സ്വന്തം ലേഖകന്‍Wednesday, November 1, 2017 2:14 pm

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള പ്രതിഭകള്‍ എത്താറുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കു വെളിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഒത്തുകൂടുന്ന പുസ്തകോല്‍സവം കൂടിയാണിത്. എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 60 രാജ്യങ്ങളില്‍ നിന്ന് 1,650 പ്രദര്‍ശകരാണു പങ്കെടുക്കുന്നത്.

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നു തുടക്കം. ഇനിയുള്ള പതിനൊന്നു ദിവസങ്ങള്‍ ഷാര്‍ജയില്‍ അറിവിന്റെ പ്രപഞ്ചമാണൊരുങ്ങുന്നത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള പ്രതിഭകള്‍ എത്താറുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കു വെളിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഒത്തുകൂടുന്ന പുസ്തകോല്‍സവം കൂടിയാണിത്. എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 60 രാജ്യങ്ങളില്‍ നിന്ന് 1,650 പ്രദര്‍ശകരാണു പങ്കെടുക്കുന്നത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണു വിജ്ഞാനമേള.

15 ലക്ഷത്തിലേറെ പുസ്തകങ്ങള്‍, 2600 സാഹിത്യസദസുകള്‍, ലോകപ്രശസ്ത സാഹിത്യ പ്രതിഭകളുമായുള്ള മുഖാമുഖം, ചര്‍ച്ചകള്‍, പുസ്തകപ്രകാശനങ്ങള്‍ എന്നിവ മേളയെ വ്യത്യസ്തമാക്കുന്നു. മേളയില്‍ ഇ-ബുക്കുകള്‍ക്കു മാത്രമായി സ്മാര്‍ട് ലോകവും ഒരുക്കിയിട്ടുണ്ട്. ‘എന്റെ പുസ്തകത്തിലെ ലോകം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഇത്തവണത്തെ പുസ്തകോത്സവത്തില്‍ യുകെ ആണ് അതിഥിരാജ്യം.

മലയാളത്തില്‍ നിന്നുള്ള പ്രസാധകര്‍ 2000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഏഴാം നമ്പര്‍ ഹാളിലായിരിക്കുമെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. കൂടാതെ ഇന്ത്യ ട്രേഡ് സെന്ററിനു സമീപത്തായി താല്‍ക്കാലിക ഹാളും ഒരുക്കിയിട്ടുണ്ട്. രണ്ടുദിവസം മുന്‍പേ സജീവമായ ഡിസി ബുക്‌സ് അടക്കമുള്ള പ്രസാധകര്‍ ആയിരക്കണക്കിനു പുസ്തകങ്ങള്‍ വില്‍പനയ്ക്ക് ഒരുക്കിക്കഴിഞ്ഞു. ദക്ഷിണ കൊറിയ, ബംഗ്ലദേശ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ ആദ്യമായി സാന്നിധ്യമറിയിക്കും.

ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശാനുസരണമാണു 35 വര്‍ഷം മുമ്പ് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കു തുടക്കം കുറിച്ചത്. ഇന്നു ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x