Currency

പെർത്തിൽ സൈക്ലിസ്റ്റുകളെ മറികടക്കുമ്പോൾ അകലം പാലിച്ചില്ലെങ്കിൽ 400 ഡോളർ പിഴ

സ്വന്തം ലേഖകൻWednesday, November 1, 2017 9:14 pm

സൈക്കിള്‍ യാത്രികരെ മറികടക്കുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ഡോളര്‍ പിഴയീടാക്കാൻ പെർത്തിൽ പുതിയ നിയമം

പെർത്ത്:  റോഡരികിലൂടെ യാത്ര ചെയ്യുന്ന സൈക്കിള്‍ യാത്രികരെ മറികടക്കുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ഡോളര്‍ പിഴയീടാക്കാൻ പെർത്തിൽ പുതിയ നിയമം. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് നാലു ഡീമെറിറ്റ് പോയിന്റും ലഭിക്കും.

പുതിയ നിയമം ഈ മാസം 30 മുതല്‍ പ്രാബല്യത്തിലാകും.സൈക്കിള്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് ഗതാഗത നിയമം ഭേദഗതി ചെയ്തത്.

മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കുറഞ്ഞ വേഗത്തില്‍ വാഹനമോടിച്ചുവരുന്നവര്‍ സൈക്കിള്‍ യാത്രക്കാരെ മറികടക്കുമ്പോള്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തിലെത്തുന്നവര്‍ 1.5 മീറ്റര്‍ അകലം പാലിച്ചിരിക്കണം.

നിലവിൽ ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്്‌ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. സംസ്ഥാന റോഡുകളില്‍ ഈ വര്‍ഷം വാഹനാപകടങ്ങളില്‍ ഇതുവരെ ഏഴു സൈക്കിള്‍ യാത്രക്കാര്‍ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. കഴിഞ്ഞവര്‍ഷം മരണസംഖ്യ മൂന്നായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x