
ദുബായ്: ഉടമസ്ഥരെ കണ്ടെത്താനാകാത്ത കളഞ്ഞുകിട്ടിയ വസ്തുക്കള്‍ വിറ്റഴിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസിന് ലഭിച്ചത് 62.5 ലക്ഷം ദിര്‍ഹമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കനുസരിച്ച് ഇത് 38.6 ലക്ഷം ദിര്‍ഹം ഇങ്ങനെ കിട്ടിയിട്ടുണ്ട്. 2017ല്‍ 198,000 യുഎസ് ഡോളര്‍, 10,000 ബഹ്രൈനി ദിനാര്‍, 15,000 പൗണ്ട്, 80,000, 30,000 ഖത്തറി റിയാല്‍, 3,000 കുവൈത്തി റിയാല്‍ എന്നിവ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.
കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ബോര്‍ഡ് ഡിവൈസുകള്‍, ലാപ്ടോപ്പുകള്, ക്യാമറകള്‍ എന്നിവയുടെ കണക്കും പതിനായിരങ്ങളാണ്.
കളഞ്ഞു കിട്ടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവയാണ്: മൊബൈല്‍ ഫോണ്‍ 14,000, സ്മാര്‍ട് ബോര്‍ഡ് വസ്തുക്കള്‍ 1,679, ലാപ്ടോപ്പുകള് 639, ക്യാമറകള്‍ 1,217, വാച്ചുകള്‍ 11,000. ഇത്രയും വസ്തുക്കളാണ് കഴിഞ്ഞ മാസം ലേലത്തില്‍ വിറ്റു പോയത്. 5,500 വസ്തുക്കളാണ് ആകെ മൊത്തം ഈ വര്‍ഷം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമിത് 4,826 ആയിരുന്നു.
വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വകലാശാലകള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയും കളഞ്ഞുകിട്ടിയവയില്പ്പെടും. എന്നാല്‍ ഉടമസ്ഥന്റെ വിലാസം ഇവയില്‍ കൃത്യമായി ഉള്ളതിനാല്‍ ഇത്തരം വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തന്നെ അയച്ചുകൊടുക്കുകയാണ് പതിവ്. വാട്ടര്‍ കൂളര്‍, ജെറ്റ് സ്കി, ജനറേറ്റര്‍, 60 ഇഞ്ച് എല്‍സിഡി ടിവി എന്നിവയും കണ്ടെത്തിയവയില്‍ പെടും.
സാധാരണയായി നഗരത്തില്‍ നിന്നു കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാറാണ് പതിവ്. പൊലീസിന് ലഭിക്കുന്ന ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം ദുബായ് പോലീസ് ഒരുക്കിയിട്ടുണ്ട്. കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാനും പ്രത്യേക സംവിധാനമുണ്ട്. കിട്ടുന്ന സാധനങ്ങളുടെ ഉടമകളെ ബന്ധപ്പെടാന്‍ കഴിയുമെങ്കില്‍ അവരോട് തന്നെ വന്ന് സാധനങ്ങള്‍ തിരികെ വാങ്ങാന്‍ ആവശ്യപ്പെടാറാണ് പതിവ്. ആരും അന്വേഷിച്ച് വരാത്ത സാധനങ്ങള്‍ ഒരു വര്‍ഷം വരെ ഉടമസ്ഥരെ കാത്തിരിക്കുകയും പിന്നീട് ലേലത്തിന് വെക്കുകയും ചെയ്യും.
എമിറേറ്റ് പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസ്പോര്ട്ടുകള് എന്നിവ ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ് ദുബായ് പൊലീസ് കൈമാറുന്നത്. തിരിച്ചറിയല്‍ രേഖകള്‍ വിദേശ പൗരന്മാരുടെയാണെങ്കില് അത് അതാതു രാജ്യങ്ങളിലെ എംബസികളിലേക്കും പോകും. ഒരാള്‍ക്ക് ഒരു വസ്തു കളഞ്ഞുകിട്ടിയാല്‍ 48 മണിക്കൂറിനകം അത് അധികൃതര്‍ക്ക് കൈമാറിയിരിക്കണമെന്നാണ് ദുബായിലെ നിയമം. ഇങ്ങനെ വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച് മാതൃകയാകുന്നവര്‍ക്ക് ദുബായ് പൊലീസ് സമ്മാനങ്ങളും നല്‍കാറുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.