Currency

യുഎഇയില്‍ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ഏകീകൃത ഫീസ് നിലവില്‍ വന്നു

സ്വന്തം ലേഖകന്‍Thursday, December 7, 2017 10:39 am

 

ദുബായ്: യുഎഇയില്‍ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും രാജ്യവ്യാപകമായി ഏകീകൃത ഫീസ് ഘടന നിലവില്‍ വന്നു. വര്‍ധനയോടെ പ്രാബല്യത്തില്‍ വന്ന ഫീസ് ഘടന സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഒക്‌ടോബര്‍ നാലിന് പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവ് പ്രകാരമാണ് ഫീസ് വര്‍ധിപ്പിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം ചെറിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 400 ദിര്‍ഹവും ഇവയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 350 ദിര്‍ഹവുമാണ് ഫീസ്. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ 350 ദിര്‍ഹവും പുനര്‍ രജിസ്‌ട്രേഷന് 400 ദിര്‍ഹവും അടയ്ക്കണം. നേരത്തെ ദുബായില്‍ 120 ദിര്‍ഹമായിരുന്ന ചെറിയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് 150 ആയി വര്‍ധിപ്പിച്ചു. ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഫയല്‍ തുറക്കാനുള്ള ഫീസ് 200 ദിര്‍ഹമായി വര്‍ധിപ്പിച്ചു.

ഡ്രൈവിങ് ലൈസന്‍സ് എടുക്കുക, പുതുക്കുക, നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ പുതുക്കിയെടുക്കുക എന്നിവയ്ക്ക് 100 ദിര്‍ഹം നല്‍കണം. ഒരു വര്‍ഷത്തിലധികം കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ 300 ദിര്‍ഹമാണ് ഫീസ്. മറ്റൊരു രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് യു.എ.ഇ ലൈസന്‍സായി മാറ്റാന്‍ 600 ദിര്‍ഹവും നല്‍കണം. വിവിധ എമിറേറ്റുകളിലെ ഗതാഗത അതോറിറ്റികള്‍ ഏര്‍പ്പെടുത്തുന്ന മറ്റു സേവന ചാര്‍ജുകള്‍ ഫീസിനൊപ്പം അധികമായി നല്‍കേണ്ടി വരും. ലൈസന്‍സിങ് അതോറിറ്റികളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമായിരിക്കും ഈ സേവനങ്ങള്‍ ഏകോപിപ്പിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x