
അബൂദബി: ലോകത്തെ ഏറ്റവും വില കൂടിയ പെയ്ന്റിങ് അബൂദബിയിലേക്ക്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ സല്‍വദോര്‍ മുന്‍ഡി ലൂവറാണ് അബൂദബിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ലൂവര്‍ അബൂദബിയുടെ വെബ്സൈറ്റ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍, എന്നാണ് പെയ്ന്റിങ് ലൂവറില്‍ എത്തുക തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
ക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്ന ഈ പെയ്ന്റിങ്ങിന് കഴിഞ്ഞ മാസം നടന്ന ലേലത്തില്‍ റെക്കോര്‍ഡ് തുകയായ 45 കോടി ഡോളറാണ് (165 കോടി ദിര്‍ഹം) ലഭിച്ചത്. വിലയില്‍ പികാസോയുടെ ‘വിമന്‍ ഓഫ് അല്ജിയേഴ്സി’നെ പിന്തള്ളിയാണ് സല്‍വദോര്‍ മുന്‍ഡി പുതിയ റെക്കോര്‍ഡ് കുറിച്ചത്.
2011ല്‍ ലണ്ടനിലെ നാഷനല്‍ ഗാലറിയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ പെയ്ന്റിങിന് അഞ്ച് നൂറ്റാണ്ട് പഴക്കമുണ്ട്. ലോകരക്ഷകന് എന്നാണ് ലാറ്റിന്‍ ഭാഷയില്‍ ഇതിനര്‍ഥം. വെറും 45 പൗണ്ടിനാണ് (221 ദിര്‍ഹം) ഈ പെയ്ന്റിങ് 1958ല്‍ വിറ്റത്. ചിത്രത്തിന്റെ പകര്‍പ്പ് മാത്രമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഈ വില്പന. പിന്നീട് അര നൂറ്റാണ്ടോളം പെയ്ന്റിങ്ങിനെ കുറിച്ച് വിവരമില്ലായിരുന്നു. 2005ല്‍ നടന്ന ലേലത്തിലാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.