Currency

യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തേ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍

സ്വന്തം ലേഖകന്‍Friday, December 15, 2017 9:06 am

ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് എമിറേറ്റ്സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അവധി ആഘോഷിക്കാനായി വിദേശ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് സ്വന്തം നാട്ടിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഡിസംബര്‍ അവസാന ആഴ്ച്ചകളില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് വിമാന കമ്പനികള്‍ പറയുന്നു.

ഏകദേശം 4,20,000 പേര്‍ ടെര്‍മിനല്‍ മൂന്നില്‍ മാത്രമുണ്ടാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ചയാകും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. അതേസമയം ദുബായ് വിമാനത്താവളത്തിന് ചുറ്റും റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും എമിറേറ്റ്സ് നിര്‍ദേശിച്ചു. ആറ് മണിക്കൂര്‍ മുമ്പ് തന്നെ ചെക്ക് ഇന്‍ കൗണ്ടറുകള്‍ തുറക്കും. യാത്രയ്ക്ക് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ പൂര്‍ത്തിയാകാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എമിറേറ്റ്സ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x