
ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. ദുബായുടെ പല ഭാഗങ്ങളിലും ഉച്ചതിരിഞ്ഞ് ശക്തമായ മഴ ലഭിച്ചു. ഖോര്‍ഫക്കാനിലും കല്‍ബയിലുമടക്കം ചിലയിടങ്ങളില്‍ മഴ ഏറെ നേരം നീണ്ടുനിന്നു. ദുബായുടെ പല ഭാഗങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വൈകുന്നേരം വന്‍ ഗതാഗത കുരുക്കാണ് മിക്ക റോഡുകളിലും അനുഭവപ്പെട്ടത്. ഈ മാസം 18 വരെ കലാവസ്ഥാ വ്യതിയാനം തുടരുമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ എമിറേറ്റുകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദിബ്ബ-മസാഫി റോഡ്, വാദി അല്‍ ഹിലോ-കല്‍ബ റോഡ്, അല്‍ ഇജീലി തുവ, മസാഫിയിലെ പര്‍വതമേഖലകളായ മുദാബ്, സിക്കംകം, ആസ്മ, വാദി സദര്‍ എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
അതേസമയം ഉമ്മുല്‍ഖുവൈനിലും വടക്കന്‍ എമിറേറ്റുകളിലും താമസ കേന്ദ്രങ്ങളില്‍ വെള്ളം നിറഞ്ഞതിനാല്‍ ജനം വലഞ്ഞു. നിലവിലെ കലാവസ്ഥാ മാറ്റം മുന്‍നിര്‍ത്തി വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി. നിശ്ചിത അകലം പാലിച്ച് വേണം വാഹനങ്ങള്‍ സഞ്ചരിക്കാനെന്നും അമിത വേഗം പാടില്ലെന്നും പൊലിസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.