Currency

പുതുവര്‍ഷത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത് ബുര്‍ജ് ഖലീഫ; ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

സ്വന്തം ലേഖകന്‍Monday, January 1, 2018 10:44 am

ദുബായ്: നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും പുതു പ്രതീക്ഷകളും പ്രാര്‍ഥനകളുമായി യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേറ്റു. ഒറ്റകെട്ടിടത്തില്‍ ലോകത്തെ ഏറ്റവും വലിയ ലേസര്‍ വെളിച്ച വിസ്മയം തീര്‍ത്തതിന്റെ ലോക റെക്കോര്‍ഡുമായി ദുബായ് ബുര്‍ജ് ഖലീഫയാണ് ഇത്തവണയും ഗള്‍ഫിലെ ഏറ്റവും മികച്ച ന്യൂ ഇയര്‍ ആഘോഷവേദിയായി മാറിയത്. വെടിക്കെട്ടിന്റെ ആഘോഷപ്പെരുക്കത്തില്‍ റാസല്‍ ഖൈമ അല്‍ മര്‍ജാന്‍ ഐലന്റും ഷാര്‍ജ അല്‍ മജാസും രാജ്യത്തെ നിവാസികളുടെയും സന്ദര്‍ശകരുടെയും വര്‍ഷാരംഭം വര്‍ണാഭമാക്കി.

വൈകുന്നേരത്തോടു കൂടെത്തന്നെ ബുര്‍ജ് ഖലീഫയിലേക്കും ഡൗണ്‍ടൗണിലേക്കുമുള്ള റോഡുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. പൊലീസും ആര്‍ടിഎയും ആസൂത്രണം ചെയ്ത ഗതാഗത ക്രമീകരണങ്ങളുടെ മികവിലാണ് ദുബായ് നഗരം ഇന്നലെ നീങ്ങിയതു തന്നെ. വെടിക്കെട്ട് ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ബുര്‍ജ് ഖലീഫയില്‍ ഒരുക്കുന്ന അത്ഭുതമെന്താവും എന്നു കാത്തിരുന്നവരുടെ മനസില്‍ മാസ്മരിക സംഗീതത്തിന്റെ അകമ്പടിയില്‍ കൗണ്ട് ഡൗണ്‍ തുടങ്ങി. പിന്നെ പുതുവര്‍ഷ ആശംസാ സന്ദേശം വര്‍ണമായി ഒഴുകി.

രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജന്‍മശതാബ്ദി പ്രമാണിച്ച് സായിദ് വര്‍ഷം ആചരിക്കുന്നതിന്റെ സന്ദേശവും ഉയര്‍ന്നു. പിന്നാലെ രാഷ്ട്ര പതാകയും അടയാള ചിഹ്‌നങ്ങളും ബുര്‍ജിനു മേല്‍ തെളിഞ്ഞു. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ജനതക്ക് ട്വിറ്ററിലൂടെ ആശംസാ സന്ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x