
ഷാര്‍ജ: വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ തലയുള്ള പ്രതിമകള്‍ നിരോധിക്കണമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. സംസ്‌കാരവും മൂല്യവും ഉയര്‍ത്തി പിടിക്കുന്നവയും പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്താത്തവയുമായിരിക്കണം പ്രതിമകള്‍ എന്നുമാണ് അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാനുള്ള പ്രതിമകള്‍ തലയില്ലാത്തതും മാന്യമായുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുന്നതും ആയിരിക്കണമെന്ന് 2008 ല്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഷോപ്പുകളിലേക്കും ഇത് സംബന്ധിച്ച സര്‍ക്കുലറിന്റെ പകര്‍പ്പ് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലരും ആ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ല.
സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും അടുത്തിടെ ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തലയുള്ള പ്രതിമകള്‍ നിരോധിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ അധികൃതര്‍ ഔദ്യോഗിക പരിശോധനയും നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.