
അബൂദബി: ഷവര്‍മയുടെ പാചകത്തിനും, വില്പനക്കും യുഎഇ ഏകീകൃത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്ഡഡൈസേഷന് ആന്റ് മെട്രോളജി അഥവാ എസ്മയാണ് രാജ്യത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. മുഴുവന്‍ എമിറേറ്റിലെയും ഷവര്‍മ സ്ഥാപനങ്ങള്‍ എല്ലാ ഘട്ടങ്ങളിലും എസ്മയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഭക്ഷണവിഭവമാണ് ഷവര്‍മ.
ഷവര്‍മ നിര്‍മാണത്തിന് ഇറച്ചി തെരഞ്ഞെടുക്കുന്നത് മുതല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സൂക്ഷിപ്പ്, പാക്കിങ്, വിതരണം എന്നിവയില്‍ വരെ പുതിയ മാനദണ്ഡങ്ങളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജിഎസ്ഒ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഹലാല്‍ രീതിയില്‍ അറവ് ശാലയില്‍ അറുത്ത ഇറച്ചി മാത്രമേ ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു.
നേരത്തേ ദുബായ് അടക്കം വിവിധ എമിറേറ്റുകളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ രാജ്യമെമ്പാടും മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയാണ് എസ്മ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.