
റിയാദ്: സൗദിയില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. റിയാദ് നഗരം ഉള്‍പ്പെടുന്ന മധ്യപ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലുമാണ് പൊടിക്കാറ്റ് അടിച്ചത്. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതം ദുസഹമാക്കി.
ദൂരക്കാഴ്ച തടസപ്പെട്ട് നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താപനില 15 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്നു. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കാനാണ് നിര്‍ദ്ദേശം. ചിലസ്ഥലങ്ങളില്‍ 10 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. പുലര്‍ച്ചെ തുടങ്ങിയ തണുപ്പ് കാറ്റ് വൈകിട്ടും തുടര്‍ന്നു. ചിലസ്ഥലങ്ങളില്‍ നേരിയ മഴയും ലഭിച്ചു.
പൊടിക്കാറ്റ് പുറം തൊഴില്‍ ചെയ്യുന്നവരെയും യാത്രക്കാരെയുമാണ് ഏറെ വലച്ചത്. റിയാദ് നഗരം, ദമ്മാം, ജുബൈല്‍, അല്‍ഖോബാര്‍ തുടങ്ങി ഈ മേഖലയിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളെയും പൊടിപടലങ്ങള്‍ പൊതിഞ്ഞു. ചിലയിടങ്ങളില്‍ ജോലി ഭാഗികമായി നിര്‍ത്തിവെച്ചു.
ട്രാഫിക്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്റ്, ആരോഗ്യ വകുപ്പ് എന്നിവ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.