Currency

സൗദി തൊഴില്‍ നിയമം പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള ഭേദഗതിക്ക് അംഗീകാരം

സ്വന്തം ലേഖകന്‍Tuesday, February 6, 2018 3:28 pm

റിയാദ്: സൗദി തൊഴില്‍ നിയമത്തിലെ നിയമലംഘനങ്ങളും പിഴയും പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള ഭേദഗതിക്ക് അംഗീകാരം. തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. 67 നിയമലംഘനങ്ങളും അവക്കുള്ള പിഴയും ശിക്ഷയുമാണ് ഭേദഗതിയില്‍ പരാമര്‍ശിക്കുന്നത്.

ഇഖാമയിലുള്ള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും സ്ഥാപനത്തെക്കുറിച്ച് കൃത്യമായ വിവരം മന്ത്രാലയത്തിന് നല്‍കാത്തതിനും 10,000 റിയാലാണ് പുതിയ ഭേദഗതി പ്രകാരം പിഴ ചുമത്തുക. പാസ്‌പോര്‍ട്ട്, ഇഖാമ, മെഡിക്കല്‍ കാര്‍ഡ് തുടങ്ങി വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ തൊഴിലാളിയുടെ അനുമതി കൂടാതെ സ്‌പോണ്‍സര്‍ കൈവശം വെച്ചാല്‍ 2,000 റിയാലാണ് പിഴ.

വിസക്കച്ചവടം നടത്തുന്നതിന് 50,000 റിയാല്‍, മതിയായ രേഖയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ 15,000 റിയാല്‍, ആശ്രിത വിസയിലുള്ളവരെ മതിയായ അനുമതി കൂടാതെ ജോലി ചെയ്യിച്ചാല്‍ 25,000 റിയാല്‍ എന്നിങ്ങനെയാണ് പിഴ ചുമത്തുക. സ്ത്രീകളുടെ തൊഴിലില്‍ പുരുഷന്മാരെ നിയമിക്കല്‍, വ്യാജ സ്വദേശിവത്കരണം തുടങ്ങി ഏതാനും നിയമലംഘനങ്ങള്‍ക്ക് പിഴക്ക് പുറമെ സ്ഥാപനം അടപ്പിക്കാനുള്ള ശിക്ഷയും ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പരിഷ്‌കരിച്ച നിയമലംഘനങ്ങളും അവയക്കുള്ള പിഴയും ശിക്ഷയും തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x