Currency

ദുബായില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മെയ് മുതല്‍ ഫീസ് ഇടാക്കും

സ്വന്തം ലേഖകന്‍Thursday, February 8, 2018 12:29 pm

ദുബായ്: വിവിധ തരം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മെയ് മാസം മുതല്‍ ദുബായില്‍ ഫീസ് ഇടാക്കും. മാലിന്യത്തിന്റെ തോത് കുറക്കുക, വസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കുക, സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ആണ് ഉത്തരവ് പ്രഖ്യാപിച്ചത്.

ദുബായ് നഗരസഭക്കാണ് ഉത്തരവിന്റെ നിര്‍വഹണ ചുമതല. മെയ് 17 മുതല്‍ ഫീസുകള്‍ നിലവില്‍ വരും. എന്നാല്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്ന് ദുബായ് നഗരസഭ മാലിന്യ മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സിഫാഇ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങള്‍, പൊതുകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയില്‍ നിന്നാണ് പണം ഈടാക്കുക.

ജനറല്‍ വേസ്റ്റ്, ആവശ്യമില്ലാത്ത വസ്തുക്കള്‍, അപകടകരമായ മാലിന്യം, ആശുപത്രി അനുബന്ധ മാലിന്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് ഫീസ് ചുമത്തുക. ഈ വര്‍ഷം ചുമത്തുന്ന ഫീസ് അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിക്കും. മുനിസിപ്പാലിറ്റി മാലിന്യത്തിന് ഈ വര്‍ഷം ടണ്‍ ഒന്നിന് 80 ദിര്‍ഹമാണ് ഇടാക്കുക. 2019ല്‍ 90, 2020ല്‍ 100 ദിര്‍ഹം വീതം നല്‍കേണ്ടി വരും.

ജൈവമാലിന്യങ്ങള്‍ക്ക് ഈ വര്‍ഷം ടണ്ണിന് 30 ദിര്‍ഹമാണ് നിരക്ക്. ജൈവമാലിന്യങ്ങളുമായി കൂടിക്കിടക്കുന്ന പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങള്‍ക്കും 30 ദിര്‍ഹം ഈടാക്കും. എന്നാല്‍ ജൈവമാലിന്യം ഇല്ലാത്തവയാണെങ്കില്‍ 20 ദിര്‍ഹം നല്‍കിയാല്‍ മതി. കൃഷി അനുബന്ധ മാലിന്യങ്ങള്‍ നീക്കുന്നതിന് ടണ്‍ ഒന്നിന് 10 ദിര്‍ഹമാണ് ഈടാക്കുക. നിര്‍മാണ അവശിഷ്ടങ്ങള്‍ക്ക് 10 ദിര്‍ഹമാണ് ഈടാക്കുക. എന്നാല്‍ കോണ്‍ക്രീറ്റ്, മരം തുടങ്ങിയവക്ക് രണ്ട് ദിര്‍ഹം മതിയാവും.

കടലാസ്, ടേപ്പുകള്‍,സി.ഡി, തുകല്‍, റബ്ബര്‍, സ്‌പോഞ്ച്, തുണി, ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം എന്നിവ നീക്കം ചെയ്യാന്‍ ടണ്ണിന് 200 ദിര്‍ഹം നല്‍കണം. പൊതു ആശുപത്രികളില്‍ നിന്നുള്ള മാലിന്യം കിലോ ഒന്നിന് മൂന്ന് ദിര്‍ഹം നിരക്കിലാണ് നീക്കുക. സ്വകാര്യ മേഖലയില്‍ ഇത് ഇരട്ടിയാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x