
റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തില്‍ നിന്ന് പിന്മാറില്ലെന്ന് തൊഴില്‍ മന്ത്രാലയം. വിവിധ മേഖലകളില്‍ കൂടി സെപ്തംബര്‍ 11 മുതല്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ വേദികളില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ഇതില്‍ ഏതെങ്കിലും വിദേശ രാജ്യത്തെ പൗരന്മാര്ക്ക് ഇളവ് അനുവദിച്ചിട്ടില്ലെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു. വാഹന വില്പന കേന്ദ്രങ്ങള്‍, വസ്ത്രറഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവയില്‍ സ്വദേശിവത്കരണം സെപ്റ്റംബര്‍ 11 മുതലും ഇലക്ട്രോണിക് ഉപകരണ കടകള്‍, വാച്ച് കടകള്‍, കണ്ണട കടകള്‍ എന്നിവയില്‍ നവംബര്‍ ഒമ്പത് മുതലും സ്വദേശിവത്കണം നടപ്പിലാക്കും.
മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കടകള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍, കാര്‍പറ്റ് കടകള്‍, ബേക്കറികള്‍ എന്നിവയില്‍ 2019 ജനുവരി ഏഴ് മുതല്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു. മലയാളികള്‍ ഭൂരിഭാഗവും ഈ മേഖലയിലെ സ്വദേശിവത്കരണത്തോടെ ബദല്‍ മാര്‍ഗം തേടേണ്ട അവസ്ഥയിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.