Currency

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേകളിലൊന്ന് 45 ദിവസം അടച്ചിടും

സ്വന്തം ലേഖകന്‍Wednesday, February 28, 2018 1:19 pm

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേകളിലൊന്ന് അടുത്തവര്‍ഷം 45 ദിവസം അടച്ചിടും. അടുത്തവര്‍ഷം ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയാണ് അറ്റകുറ്റപണികള്‍ക്കായി റണ്‍വേ അടച്ചിടുന്നത്. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ റണ്‍വേയാണ് അറ്റകുറ്റപണിക്കായി അടച്ചിടുന്നത്. ബദല്‍ സംവിധാനങ്ങള്‍ക്കായി വിമാനത്താവളം അധികൃതര്‍ നടപടികളാരംഭിച്ചു.

ദിവസവും 1,100ല്‍ അധികം വിമാനങ്ങള്‍ പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ പ്രധാന രണ്ട് റണ്‍വേകളിലൊന്നാണ് അടച്ചിടുന്നത്. ഇതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു. 2014 ല്‍ ദുബായ് വിമാനത്താവളത്തിന്റെ വടക്കുഭാഗത്തെ ഹൈവേ സമാനമായ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്നു. തെക്കുഭാഗത്തെ റണ്‍വേക്ക് നിശ്ചയിച്ചിരുന്ന കാലപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അറ്റകുറ്റപണി നടത്തുന്നത്.

60,000 ടണ്‍ ടാറ്, 8000 ഘന മീറ്റര്‍ കോണ്‍ക്രീറ്റ്, 800 കിലോമീറ്റര്‍ കേബിള്‍, 5,500 റണ്‍വേ ലൈറ്റ് എന്നിവ ഉപയോഗിച്ചാണ് റണ്‍വേ നവീകരിക്കാനൊരുങ്ങുന്നത്. റണ്‍വേ അടച്ചിടുന്ന കാലയളവില്‍ വിമാനസര്‍വീസുകളുടെ എണ്ണം കുറക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x