Currency

ലോകത്തെ ആദ്യ റോബോട്ട് എഞ്ചിനീയറിനെ വികസിപ്പിച്ച് ദുബായ്

സ്വന്തം ലേഖകന്‍Friday, March 2, 2018 12:44 pm

ദുബായ്: ലോകത്താദ്യമായി റോബോട്ട് എഞ്ചിനീയറിനെ വികസിപ്പിച്ച് ദുബായ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്മാര്‍ട്ട് വിപ്ലവത്തിന് തുടക്കം കുറിച്ച ദുബായ് റോബോട്ടിന്റെ പേറ്റന്റും ഉടന്‍ കരസ്ഥമാക്കുമെന്നാണ് റിപ്പോര്‍ട്ട്. കൃത്യസമയങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും ജോലികള്‍ ഏറ്റെടുക്കാനും റോബോട്ടിന് കഴിയുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു.

വീടുകളും വലിയ കെട്ടിടങ്ങളുമൊക്കെ വൃത്തിയാക്കാന്‍ വൈകാതെ റോബട്ടുകള്‍ രംഗത്തിറങ്ങുമെന്നാണ് ദുബായുടെ അറിയിപ്പ്. സാധാരണയിലും പത്തിരട്ടി വേഗത്തില്‍ ഇവ ജോലി പൂര്‍ത്തിയാക്കും. സ്വദേശിയായ അഹമ്മദ് അലി അല്‍ ഷേഹി വികസിപ്പിച്ച ഈ റോബോട്ട് പേറ്റന്റ് നേടിക്കഴിഞ്ഞു. ഈ ഗണത്തില്‍ ലോകത്തുള്ള എല്ലാ റോബോട്ടുകളെയും തോല്‍പ്പിക്കാന്‍ കഴിയുന്നതാണിത്.

മണിക്കൂറില്‍ 300 ചതുരശ്ര മീറ്റര്‍ സ്ഥലം വരെ വൃത്തിയാക്കുന്ന ഈ റോബോട്ടിനെ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. കൂടുതല്‍ സുരക്ഷിതമാണെന്നു മാത്രമല്ല, വൃത്തിയാക്കാന്‍ ആവശ്യമായ വെള്ളവും കുറച്ചു മതിയാകും. യന്ത്രസഹായത്തോടെ മനുഷ്യര്‍ ഇതു നിര്‍വഹിക്കുകയാണെങ്കില്‍ 30 മുതല്‍ 40 വരെ ചതുരശ്ര മീറ്റര്‍ സ്ഥലമേ വൃത്തിയാക്കാന്‍ കഴിയൂ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള ഭാവി മുന്നില്‍ക്കണ്ട് വിദ്യാഭ്യാസ രീതിയില്‍ യുഎഇ സമഗ്രമാറ്റം വരുത്തുകയാണ്. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കു മാറുന്നതോടെ നിലവിലുള്ള 20 ലക്ഷം തൊഴിലുകള്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച ആസൂത്രണത്തില്‍ ലോകത്തിന്റെ നേതൃനിരയില്‍ 2030ല്‍ ഒന്നാം സ്ഥാനം കൈവരിക്കുകയാണു യുഎഇയുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x