
ദുബായ്: ജീവകാരുണ്യ രംഗത്തെ സംഘടനകളും സ്ഥാപനങ്ങളും സംഗമിക്കുന്ന ദിഹാദ് പ്രദര്‍ശനത്തിന് തുടക്കമായി. ദുബായ് ട്രേഡ് സെന്ററിലാണ് പ്രദര്‍ശനം നടക്കുന്നത്. ഈ മാസം ഏഴിന് അവസാനിക്കുന്ന ദിഹാദില്‍ ആഗോളതലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 600 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ജീവകാരുണ്യരംഗത്തെ പുതിയ കണ്ടെത്തലുകളും സാമഗ്രികളും പരിചയപ്പെടാന്‍ മേള അവസരമൊരുക്കും. വനിതാ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നിര്‍മിക്കുന്ന വസ്ത്രങ്ങളും ഇവിടെ വിപണി തേടിയെത്തുന്നു.
പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സജീവ സാന്നിധ്യമാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും കേരളത്തിലെ പീപ്പിള്‍സ് ഫൗണ്ടേഷനും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് കൈതാങ്ങ് നല്കുന്ന വിഷന്‍ 2026 ഉം കേരളത്തിലെ ഭവന രഹിതര്‍ക്ക് വീട് നല്കുന്ന പീപ്പിള്‍സ് ഹോം പദ്ധതിയുമാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്. വിഷന്‍ 2016 എന്ന പേരില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് വിജയകരമായി തുടക്കമിട്ട പദ്ധതികളുടെ തുടര്‍ച്ചയാണ് വിഷന്‍ 2026. അതേസമയം കേരളത്തില്‍ അര്‍ഹരായ 1500 പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയുമായാണ് പീപ്പിള്‍സ് ഫൗണ്ടേഷന് ദിഹാദില്‍ എത്തിയത്.
ഇന്ത്യയിലും കേരളത്തിലും നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ദിഹാദിലൂടെ സാധിക്കുന്നുണ്ടെന്ന് ഇന്ത്യയില്‍ നിന്നെത്തിയവര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.