
ഷാര്‍ജ: എമിറേറ്റിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡവലപ്മെന്റ് അതോറിറ്റിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്നു മുതല്‍ മേയ് വരെ എല്ലാ വെള്ളിയാഴ്ചകളിലും മല്‍സരങ്ങള്‍ നടത്തും.
ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍, വോളിബോള്‍ എന്നിവയിലാണു മല്‍സരം. ഷാര്‍ജ അല്‍ഷാബ് ക്ലബ്(വോളിബോള്‍, ബാസ്കറ്റ് ബോള്‍), ഷാര്‍ജ ക്ലബ് (ഫുട്ബോള്‍), അല്‍ തിഖ ക്ലബ്, ഷാര്‍ജ നാഷനല്‍ പാര്‍ക്(ക്രിക്കറ്റ്) എന്നിവിടങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ഓരോ ഇനത്തിലും 24 ടീമുകള്‍ പങ്കെടുക്കും. ഗ്രാന്‍ഡ് ഫിനാലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
ജീവിതത്തില്‍ ഒട്ടേറെ പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുന്ന തൊഴിലാളികള്‍ക്ക് സന്തോഷിക്കാനും ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കായികമേള ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അതോറിറ്റി ചെയര്മാന് സാലെം അല്‍ ഖസീര്‍ പറഞ്ഞു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വിഭാവനം ചെയ്തതാണ് ഈ കായികമേളയെന്നും അദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.