Currency

മിനിറ്റ് അടിസ്ഥാനത്തില്‍ ‘റെന്റ് എ കാര്‍’ ഷാര്‍ജയിലും

സ്വന്തം ലേഖകന്‍Thursday, March 29, 2018 11:01 am

ഷാര്‍ജ: റെന്റ് എ കാര്‍ സേവനത്തിന് ഷാര്‍ജയിലും തുടക്കം. മിനിറ്റ് അടിസ്ഥാനത്തില്‍ കാര്‍ വാടകയ്ക്ക് നല്‍കാനാണ് തീരുമാനം. യു ഡ്രൈവ് കാര്‍ റെന്റല്‍ കമ്പനിയാണ് ഷാര്‍ജയില്‍ ഈ സേവനം ആരംഭിക്കുന്നത്. ഇത്തരം വാഹനങ്ങളില്‍ പെട്രോളടിക്കാന്‍ ഉപഭോക്താവ് പണമടക്കേണ്ടതില്ല. പാര്‍ക്കിങ് ഫീസും നല്‍കേണ്ടതില്ല. മിനിറ്റിന് 50 ഫില്‍സ് വീതം ബാങ്ക് കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും.

കഴിഞ്ഞവര്‍ഷം ദുബായ് എമിറേറ്റിലാണ് മിനിറ്റ് അടിസ്ഥാനത്തില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനം ആരംഭിച്ചത്. മൊബൈല്‍ ആപ്ലിക്കേഷനില്‍ ബാങ്ക് കാര്‍ഡും, ഡ്രൈവിങ് ലൈസന്‍സും രജിസ്റ്റര്‍ ചെയ്താല്‍, മാപ്പിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ തെരഞ്ഞെടുത്ത് മിനിറ്റ് അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.

യുഎഇയിലെ കൂടുതല്‍ എമിറേറ്റുകളിലേക്ക് സമാനമായ സൗകര്യം വ്യാപിക്കുമെന്ന് യു ഡ്രൈവ് സ്ഥാപകന്‍ ഹാസിബ് ഖാന്‍ പറഞ്ഞു. അതേസമയം നിലവില്‍ ഒരു എമിറേറ്റിലെ വാഹനം മറ്റു എമിറേറ്റിലേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തങ്ങള്‍ക്ക് 20,000 രജിസ്‌ട്രേഡ് ഉപഭോക്താക്കളുണ്ടെന്നും യു ഡ്രൈവ് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x