
ദുബായ്: മാലിന്യ ശേഖരണവും ദുബായില്‍ സ്മാര്‍ട്ടായി. ദുബായ് മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തിന്റെ ആദ്യത്തെ സ്മാര്‍ട്ട് മാലിന്യ ശേഖരണ പദ്ധതി മംസാര്‍ ഏരിയയില്‍ നടപ്പിലായി. പുതിയ സംവിധാനത്തില്‍ സാധാരണ പോലെ ജീവനക്കാരുടെ ആവശ്യമില്ലെന്നതാണ് പ്രത്യേകത.
പ്രത്യേക വാഹനത്തിലൊരുക്കിയ സംവിധാനത്തിലൂടെ മാലിന്യം ശേഖരിക്കുകയും പരിസര മലിനീകരണമില്ലാതെ കൊണ്ടുപോവുകയും ചെയ്യും. പൊതുവായ മാലിന്യം, പുനരുപയോഗത്തിനുള്ള മാലിന്യം എന്നിങ്ങനെ മാലിന്യം വേര്‍തിരിവിന് രണ്ട് കണ്ടെയ്‌നറുകള്‍ ഈ വാഹനത്തിലുണ്ടായിരിക്കും. കൂടാതെ, ഒട്ടേറെ മറ്റു അത്യാധുനിക സംവിധനവും ഘടിപ്പിച്ചിട്ടുണ്ട്.
മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നതിന് നടപ്പിലാക്കിയ രാജ്യാന്തര നിലവാരത്തിലുള്ള നൂതന സംവിധാനം വൈകാതെ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. മംസാര്‍ ഏരിയയിലെ 133 താമസ കേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് പദ്ധതി സംബന്ധമായ ബോധവത്കരണം നടത്തുകയും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു. ദുബായ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.