Currency

ദുബായില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറഞ്ഞു

സ്വന്തം ലേഖകന്‍Sunday, April 15, 2018 11:15 am

ദുബായ്: ദുബായില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വിധിച്ച പിഴകളുടെ എണ്ണത്തില്‍ കുറവ്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഈടാക്കിയ പിഴകളുടെ എണ്ണം 12,257 ആണെന്ന് പൊലീസ് അറിയിച്ചു. 2017ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് ഇത് കാണിക്കുന്നത്. 16,090 പിഴകളാണ് 2017ല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ ഉണ്ടായിരുന്നത്. 2017 ജൂലൈ ഒന്ന് മുതല്‍ ഫെഡറല്‍ ഗതാഗത നിയമ പ്രകാരം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 200 ദിര്‍ഹത്തില്‍നിന്ന് 800 ആക്കി ഉയര്‍ത്തുകയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

ഈ വര്‍ഷം ജനുവരിയില്‍ 4380, ഫെബ്രുവരിയില്‍ 3582, മാര്‍ച്ചില്‍ 4295 പിഴകളാണ് വിധിച്ചതെന്ന് ദുബായ് ട്രാഫിക് പൊലീസ് ഉപമേധാവി കേണല്‍ ജുമ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ഫോണ്‍ വിളിക്കുന്നതും സന്ദേശമയക്കുന്നതും സമൂഹ മാധ്യമങ്ങള്‍ പരിശോധിക്കുന്നതും ഗുരുതരമായ നിയലംഘനവും എമിറേറ്റിലെ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവിങ്ങില്‍നിന്ന് ശ്രദ്ധ മാറാവുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് പൊലീസിന്റെ നിര്‍ദേശം. സമൂഹ മാധ്യമങ്ങള്‍ പരിശോധിക്കാനും വീഡിയോകള്‍ എടുക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാലാണ് യു.എ.ഇയിലെ വാഹന കൂട്ടിമുട്ടലുകളില്‍ 10 ശതമാനവും ഉണ്ടാകുന്നതെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x