
റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടം ഇന്ന് ആരംഭിക്കും. സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യ സമയത്ത് ഉറപ്പു വരുത്തുന്നതാണ് വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടം. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. 20 മുതല്‍ 29 വരെ ജീവനക്കാരുള്ള പതിനായിരത്തിലേറെ സ്വകാര്യ സ്ഥാപനങ്ങളുണ്ട് സൗദിയില്‍. ഇവിടുത്തെ പത്ത് ലക്ഷത്തിലേറെ വരുന്ന ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
ഓരോ തൊഴില്‍ മേഖലയിലെയും വേതന നിലവാരം നിര്‍ണയിക്കല്‍, തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കല്‍ എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. ശമ്പളം വൈകിച്ചാല്‍ വന്‍തുക പിഴ കമ്പനികളില്‍ നിന്ന് ഈടാക്കും. കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 3,000 റിയാല്‍ എന്ന തോതില്‍ പിഴ ചുമത്തും.
ശമ്പളം രണ്ടു മാസം വൈകിയാല്‍ കമ്പനിയുടെ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കും. മൂന്നു മാസം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും വിലക്കും. ഒപ്പം ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും അനുവാദമുണ്ട്. മെച്ചപ്പെട്ട തൊഴിലവസരമാണ് ഇതിലൂടെ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടങ്ങള്‍ ആഗസ്റ്റ് ,നവംബര്‍ മാസങ്ങളില്‍ പ്രാബല്യത്തില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.