Currency

അവധിക്കാലമായി; വിമാനത്താവളങ്ങള്‍ തിരക്കിലേക്ക്

സ്വന്തം ലേഖകന്‍Friday, June 29, 2018 11:53 am

ദുബായ്: രാജ്യത്തെ വിമാനത്താവളങ്ങള്‍ തിരക്കില്‍ മുങ്ങുന്നു. മധ്യവേനല്‍ അവധിക്ക് സ്‌കൂളുകള്‍ പൂട്ടിത്തുടങ്ങിയതോടെയാണ് വിമാനത്താവളങ്ങളില്‍ തിരക്കേറുന്നത്. ലക്ഷക്കണക്കിന് പേരാണ് അവധിയാഘോഷങ്ങള്‍ക്കായി രാജ്യം വിടുന്നത്. മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചുതുടങ്ങി.

അതേസമയം യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ വിമാനത്താവള അധികൃതര്‍ മുന്‍കരുതലുകളും എടുത്തു തുടങ്ങി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഈ അവധിക്കാലത്ത് 11ലക്ഷം യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 29, ജൂലൈ അഞ്ച് എന്നീ ദിനങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ യാത്രികര്‍ ഉണ്ടാവുകയെന്നാണ് എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ കണക്കുകൂട്ടല്‍.

എമിഗ്രേഷന്‍, ചെക് ഇന്‍ കൗണ്ടറുകളില്‍ തിരക്ക് കൂടുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കണോമി ക്ലാസില്‍ ഹാന്റ് ബാഗേജിന്റെ തൂക്കം ഏഴ് കിലോയിലും ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ 14 കിലോയിലും കൂടാന്‍ പാടില്ല.

എമിറേറ്റ്‌സ് യാത്രികര്‍ക്ക് വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് നേരിട്ടെത്തിയോ രണ്ട് ദിവസം മുമ്പ് ഓണ്‍ലൈന്‍ വഴിയോ ചെക്ഇന്‍ ചെയ്യാം. തിരക്ക് കണക്കിലെടുത്ത് കാര്‍പാര്‍ക്ക് ചെയ്യുന്നിടത്ത് തന്നെ ചെക്ഇന്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ മുമ്പ് വരെ ഈ സൗകര്യം ഉപയോഗിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x