Currency

വിമാനക്കമ്പനികളുടെ കൊള്ള; ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചു

സ്വന്തം ലേഖകന്‍Wednesday, July 4, 2018 12:00 pm

 

ദുബായ്: യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികളുടെ കൊള്ള. ഗള്‍ഫില്‍ മധ്യവേനല്‍ അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള യാത്രാനിരക്ക് മൂന്നിരട്ടിയിലധികം കൂട്ടിയാണ് പ്രവാസികളെ വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നത്. ഇതോടെ അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി.

ഈ മാസം അഞ്ചിന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്താന്‍ ശരാശരി നിരക്ക് 25,000 മുതല്‍ അറുപതിനായിരം രൂപ വരെ നല്‍കണം. തിരിച്ച് പോകണമെങ്കിലും ഭീമമായ തുക തന്നെ നല്‍കണം. ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ ദുബായി, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്ളൈ റ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപയാണ്.

എയര്‍ ഇന്ത്യയും യാത്രക്കാരെ കൊള്ളയടിക്കുകയാണ്. സെപ്റ്റംബര്‍ 29ന് കോഴിക്കോട് ബഹറൈന്‍ വിമാനനിരക്ക് 60,348. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x