
ദുബായ്: യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നു. രണ്ട് തരം ഉദ്യോഗസ്ഥരുണ്ടെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ജീവിതം എനിക്ക് നല്കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബായ് പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് പറയുന്നത്. ഒന്നാമത്തെ കൂട്ടര് എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര് ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം.
കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികള്‍ പറയുന്നത്. ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് ഇങ്ങനെ:
ഉദ്യോഗസ്ഥര്‍ രണ്ട് തരത്തിലാണ്. ആദ്യ തരം നന്മയുടെ താക്കോലാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കാനാണ് താല്‍പ്പര്യം. മനുഷ്യജീവിതം സുഗമമാക്കുന്നതിലാണ് അവരുടെ സന്തോഷം. അവര്‍ എന്തു നല്കുന്നു എന്നതിലാണ് അവരുടെ മൂല്യം. മെച്ചപ്പെട്ട ജീവിതത്തിലേക്ക് മാറ്റുന്നതിലാണ് അവരുടെ യഥാര്‍ഥ നേട്ടം. അവര്‍ വാതിലുകള്‍ തുറക്കുന്നു, പരിഹാരം നിര്‍ദേശിക്കുന്നു, എപ്പോഴും ജനങ്ങള്‍ക്ക് പ്രയോജനം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നു.
രണ്ടാമത്തെ തരം…നല്ലത്..ലളിതവും എളുപ്പവുമാണ്…അവര്‍ ഒരുപാട് വില കുറച്ചുകാണുന്നവരാണ്. മനുഷ്യ ജീവിതത്തെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ആവശ്യങ്ങള്‍ നേടാന്‍ ജനം തങ്ങളുടെ വാതിലില്‍ മുട്ടണമെന്നും മേശയ്ക്കരികില്‍ കാത്തുനില്‍ക്കണമെന്നുമാണ് അവരുടെ ആഗ്രഹം. ഒന്നാമത്തെ വിഭാഗം വര്‍ധിച്ചാല്‍ മാത്രമേ രാജ്യങ്ങളും ഭരണകൂടങ്ങളും വിജയിക്കുകയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.