
ദുബായ്: പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ യാത്ര സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സംവിധാനം ലോകത്ത് ആദ്യത്തേതാണ്. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും.
ടെര്‍മിനല്‍ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാര്‍ച്ചര്‍ ഭാഗത്താണ് സ്മാര്‍ട്ട് ടണല്‍ തുറന്നത്. പരീക്ഷണഘട്ട ഉദ്ഘാടനം റെസിഡന്‍സ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് ദുബായ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി നിര്‍വഹിച്ചു.
നടന്നുപോകുമ്പോള്‍ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍. അതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ടോ എമിറേറ്റ്സ് ഐ.ഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം.
നാല് വര്‍ഷമായി ഈ ആശയം പരീക്ഷിച്ച് വരികയായിരുന്നു. തികച്ചും യു.എ.ഇ നിര്‍മിതമായ സ്മാര്‍ട്ട് ടണല്‍ വിജയത്തിലേക്ക് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.