
ദുബായ്: യുഎഇയുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ദുബായ് പൊലീസ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയായി നല്‍കേണ്ടി വരുമെന്നും ദുബായ് പൊലീസിന്റെ അല്അമീന് സര്‍വ്വീസ് ഉദ്യോഗസ്ഥന് ജമാല്‍ അഹമ്മദ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെ കൂട്ടാനാണ് ചില ഗ്രൂപ്പുകളും ചില വ്യക്തികളും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വഴി ആഗോളതലത്തില്‍ യുഎഇയുടെ യശസ്സ് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വാര്‍ത്തയോ സന്ദേശമോ പങ്കുവയ്ക്കുമ്പോള്‍ അത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്ന് കൂടി ആലോചിക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന വാര്‍ത്തകളുടെ ആധികാരികത മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ യുവ തലമുറയെ പ്രാപ്തരാക്കുന്നതില് കുടുംബത്തിനും അധ്യാപകര്‍ക്കും പ്രധാന പങ്കുവഹിക്കാനാകും. രാജ്യത്തിന്റെ യശസ്സ് തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തെ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ പ്രതിരോധിക്കാനാകൂ.
ആധികാരികതയില്‍ സംശയം തോന്നുന്ന വാര്ത്തകളെയേ സന്ദേശങ്ങളെയോ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ അധികൃതര്‍ക്ക് കൈമാറണം. സര്‍ക്കാര്‍ ഓഫീസുകള്‍, പൊലീസ്, മറ്റ് സര്‍ക്കാര്‍ അഥോറിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്താ മാധ്യമങ്ങള്‍ മാത്രം വാര്‍ത്താ സ്രോതസ്സായി ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും അല്അമീന് സര്‍വ്വീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.