Currency

ഇടക്കാല തെരഞ്ഞെടുപ്പ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥികള്‍ കൂടി വിജയസാധ്യതയുള്ളവരുടെ പട്ടികയില്‍

സ്വന്തം ലേഖകന്‍Saturday, October 20, 2018 12:38 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥികളെ കൂടി ഡെമോക്രാറ്റിക് പാര്‍ട്ടി വിജയസാധ്യതയുള്ളവരുടെ പട്ടികയായ ‘ബ്ലു ടു ഗ്രീന്‍’ പ്രോഗ്രാമില്‍ പാര്‍ട്ടി ഉള്‍പ്പെടുത്തി. ടെക്സാസിലെ ഹൂസ്റ്റണില്‍ ഇരപത്തിരണ്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്ന പ്രസ്റ്റന്‍ കുല്‍ക്കര്‍ണി, അരിസോണയിലെ എട്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്ന ഹിരാല്‍ തിപിര്‍മെനി എന്നിവരാണ് പുതിയതായി ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് കോണ്‍ഗ്രഷണല്‍ കാമ്പയില്‍ കമ്മിറ്റിയാണ് പ്രചാരണത്തിലെ മികവും മറ്റു സാധ്യകളും വിലയിരുത്തി സ്ഥാനാര്‍ഥികളെ ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നത്. ഒഹായോവിലെ ഒന്നാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥി അഫ്താബ് പുരേവാലിനെ നേരത്തെ തന്നെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നേതൃത്വ ഗുണങ്ങളും വിജയസാധ്യതയും കണക്കിലെടുത്ത് മാര്‍ച്ചില്‍ തന്നെ തിപിര്‍മെനി, കുല്‍ക്കര്‍ണി എന്നിവരെ എന്‍ഡോഴ്സ് ചെയ്തിരുന്നുവെന്ന് ഇംപാക്ടിന്റെ സഹ സ്ഥാപകനും, ഇംപാക്ട് ഫണ്ടിന്റെ ചെയറുമായ ദീപക് രാജ് പറഞ്ഞു. തങ്ങളുടെ നിഗമനം ശരിയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണെന്നും, ഇത് ആഹ്ലാദകരമായ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ 435 സീറ്റുകളിലേക്കും, സെനറ്റിലെ 35 സീറ്റുകളിലേക്കും, 36 സംസ്ഥാന ഗവര്‍ണര്‍ പദവികളിലേക്കുമുള്‍പ്പെടെയുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നവംബര്‍ ആറിനാണ്. ഏര്‍ലി വോട്ടിംഗ് ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ രണ്ടു വരെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x