Currency

ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സവം: ഒക്ടോബര്‍ 31ന് തിരിതെളിയും

സ്വന്തം ലേഖകന്‍Monday, October 22, 2018 2:10 pm

ഷാര്‍ജ: 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒക്ടോബര്‍ 31ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് പുസ്തകമേള എന്നാണ് ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സം അറിയപ്പെടുന്നത്. പത്ത് ദിവസത്തെ മേളയില്‍ മലയാളത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി എഴുത്തുകാരാണ് ഇത്തവണയും എത്തുന്നത്. ഏഴാം നമ്പര്‍ ഹാളിലാണ് ഇന്ത്യന്‍ പ്രസാധകരുടെ പുസ്തകങ്ങള്‍ അണിനിരക്കുന്നത്.

നൂറോളം രാജ്യങ്ങളില്‍ നിന്നായി 1200-ല്‍പ്പരം പ്രസാധകരാണ് ഇത്തവണ എത്തുന്നത്. ജപ്പാനാണ് അതിഥി രാഷ്ട്രം. തമിഴ് ഭാഷയില്‍ നിന്ന് പന്ത്രണ്ടോളം പ്രസാധകര്‍ എത്തുന്നതാണ് ഈ വര്‍ഷത്തെ സവിശേഷതയെന്ന് ഷാര്‍ജ പുസ്തകോത്സവത്തിന്റെ എക്സ്റ്റേണല്‍ അഫയേര്‍സ് എക്സിക്യുട്ടീവ് മോഹന്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കലാസാഹിത്യ രംഗങ്ങളിലേയും സാമൂഹികസാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലേയും സംഗീതം, സിനിമ, മാധ്യമം, പാചകം തുടങ്ങിയ രംഗങ്ങളിലേയും പ്രമുഖര്‍ ഇക്കുറിയും പങ്കെടുക്കുന്നുണ്ട്. ‘മീശ’ എന്ന നോവലിന്റെ രചയിതാവ് എസ്. ഹരീഷ്, ‘തൊട്ടപ്പന്‍’ എന്ന കഥാസമാഹാരത്തിലൂടെ സമകാലിക മലയാള കഥാലോകത്ത് ഇടം കണ്ടെത്തിയ ഫ്രാന്‍സിസ് നൊറോണ, ‘ഒറ്റമരപ്പെയ്ത്ത്’ എന്ന പുതിയ പുസ്തകവുമായി ദീപ നിശാന്ത് എന്നിവര്‍ മേളയിലെത്തുന്നുണ്ട്.

മലയാളത്തില്‍നിന്ന് മാത്രം നൂറ്റമ്പതിലേറെ പുസ്തകങ്ങളുടെ പ്രകാശനം മേളയില്‍ വിവിധ ദിവസങ്ങളിലായി നടക്കും. കേരളത്തിലെ മിക്ക പുസ്തക പ്രസാധകരും ഇത്തവണ മേളയില്‍ എത്തുന്നുണ്ട് എന്നത് ഷാര്‍ജ പുസ്തകോത്സവത്തിന്റെ കീര്‍ത്തിയാണ് സൂചിപ്പിക്കുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. പുതുതായി സജ്ജമാക്കിയ റൈറ്റേര്‍സ് ഫോറം എന്ന ഹാളിലായിരിക്കും പ്രധാനമായും മലയാള പുസ്തകങ്ങളുടെ പ്രകാശനം.

കാലത്ത് ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശനം. കാലത്ത് വിദ്യാര്‍ഥികളെയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ ഞായര്‍, ചൊവ്വ ദിവസങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബാക്കി ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശിക്കാം. വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ പത്തുവരെയാണ് പ്രവേശനം. എല്ലാവര്‍ക്കും പ്രവേശനം സൗജന്യമാണ്. എല്ലാ പുസ്തകങ്ങള്‍ക്കും 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x