
ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് കുട്ടികള്‍ക്കായി കഥാരചനാ മത്സരമൊരുക്കി ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്). ഏഴു മുതല്‍ പതിമൂന്നു വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് രാജ്യാന്തരപുസ്തക മേളാ വേദിയിലെ അംഗീകാരമടക്കം നിരവധി സമ്മാനങ്ങളാണ്.
‘യര്‍ബോയ അഡ്വെഞ്ചേഴ്സ് സ്റ്റോറി’ എന്ന മത്സരത്തില്‍, ‘ഐ ലവ് ഷാര്‍ജ’ ബ്രാന്‍ഡിന്റെ ഭാഗ്യചിഹ്നമായ ‘യര്‍ബോയ’യെക്കുറിച്ചാണ് കഥയെഴുതേണ്ടത്. കങ്കാരുവിനോട് രൂപസാദൃശ്യമുള്ള ഈ മൃഗം യുഎഇയിലെ സ്ഥിരം കാഴ്ചയാണ്. കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും പൂര്‍ണമായും ഷാര്‍ജ അടിസ്ഥാനമാക്കിയുള്ളതാവണം.
ഇംഗ്ലീഷിലോ അറബിയിലോ കഥകളെഴുതാം. പരമാവധി 2000 വാക്കുകളില്‍ ഒതുങ്ങുന്നതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് 5000 ദിര്‍ഹംസ് സമ്മാനമായി ലഭിക്കും. അതോടൊപ്പം യര്‍ബോയ പശ്ചാത്തലമായുള്ള പുസ്തക പരമ്പരയില്‍ കഥ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ നിന്നായി ഓരോ കഥകളാണ് തെരഞ്ഞെടുക്കുക.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഏഴാം നമ്പര്‍ ഹാളിലെ ഐ ലവ് ഷാര്‍ജ പവലിയനില്‍ നേരിട്ടോ info@ilovesharah.ae എന്ന വിലാസത്തിലേക്ക് ഇമെയില്‍ രൂപത്തിലോ കഥകള്‍ സമര്‍പ്പിക്കാം. നവംബര്‍ 5 വൈകുന്നേരം അഞ്ചു മണി വരെ രചനകള്‍ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കഥകള്‍ നവംബര്‍ ഏഴിന് പ്രഖ്യാപിക്കും. രാജ്യാന്തരപുസ്തക മേളയുടെ സമാപന ചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.