
ഷാര്‍ജ: 37ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് അല്‍ താവുനിലെ എക്സ്പോ സെന്ററില്‍ വര്‍ണാഭമായ തുടക്കം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാവിലെ 10ന് ഉദ്ഘാടനം നിര്‍വഹിച്ചു.
മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേള എന്ന് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികളും വനിതകളുമടക്കം ഒട്ടേറെ പേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട അള്‍ജീരിയന്‍ സാംസ്കാരിക മന്ത്രി അസ്സെല്ദിന് മിഹൂബി, തുര്‍ജുമാന്‍, എത്തിസാലാത്ത് അറബിക് ബാല സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ആദരിച്ചു.
അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകര് സാന്നിധ്യമറിയിക്കുന്നു. ഇതില്‍ 80,000 പുസ്തകങ്ങള്‍ പുതിയതാണ്.
മലയാളത്തില്‍ നിന്നുള്ള എഴുത്തുകാരടക്കം 472 സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുക്കുന്ന 1800 പരിപാടികള്‍ ഇന്ന് വൈകിട്ട് മുതല്‍ വിവിധ ദിവസങ്ങളിലായി അരങ്ങേറും. 19 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പുസ്തകങ്ങളില്‍ ഒപ്പുവയ്ക്കുന്ന 200 പരിപാടികളുമുണ്ടാകും. രാവിലെ ഒന്‍പത് മുതല്‍ രാത്രി 10വരെയാണ് മേളയിലേയ്ക്കുള്ള സൗജന്യ പ്രവേശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെയും.
12 പുതിയ പ്രസാധകരടക്കം മലയാളത്തില്‍ നിന്നുള്ള ഒട്ടുമിക്ക മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. എല്ലാ ഭാഷകളില്‍ നിന്നുള്ള ഇസ്ലാമിക പുസ്തകങ്ങളാണ് ഇപ്രാവശ്യത്തെ പ്രത്യേകത. ജപാനാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. 13 ജപാനീസ് എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന 100 പരിപാടികള്‍ ഇപ്രാവശ്യത്തെ സവിശേഷതയാണ്.
ഇന്ത്യന്‍ പവലിയന് ഏഴാം നമ്പര്‍ ഹാളില്‍
കഴിഞ്ഞ വര്‍ഷം തുറന്ന ഏഴാം നമ്പര്‍ ഹാളിലാണ് ഇപ്രാവശ്യവും കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യന്‍ പ്രസാധകര് അണിനിരക്കുന്നത്. പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് റൈറ്റേഴ്സ് ഫോറം എന്ന പേരില്‍ ഒരു വേദി കൂടി എക്സ്പോ സെന്ററില്‍ ഇപ്രാവശ്യം ഒരുക്കി. 170ലേറെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളടക്കം പ്രവാസി മലയാളികളുടേതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.