Currency

യുഎഇ യാത്രികര്‍ക്ക് മരുന്നു കൈയില്‍ കരുതുന്നതിനു പ്രത്യേക അനുമതി വേണ്ട

സ്വന്തം ലേഖകന്‍Saturday, November 3, 2018 4:08 pm

ദുബായ്: യുഎഇയിലേക്കുള്ള വിമാന യാത്രികര്‍ സ്വകാര്യ ആവശ്യത്തിനുള്ള മരുന്ന് കൈയില്‍ കരുതുന്നതിനു പ്രത്യേക അനുമതി തേടേണ്ടതില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രിത മരുന്നുകള്‍ കൊണ്ടുവരുന്നതിന് മുന്‍പ് ഇത്തരത്തില്‍ അനുമതി തേടിയാല്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി സമയം ചിലവഴിക്കുന്നത് ഒഴിവാക്കാമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന നിയമത്തിന് മാറ്റമൊന്നും വന്നിട്ടില്ല. മരുന്നുകള്‍ക്കു പ്രത്യേക അനുമതി തേടുന്നതു സംബന്ധിച്ചുള്ള ഉത്തരവിനെ തുടര്‍ന്നു നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണു നടപടിയെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

യുഎഇയിലേക്കു മരുന്നുകള്‍ കൈയില്‍ കരുതി എത്തുന്നവര്‍ ഇത് മന്ത്രാലയ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രത്യേക അനുമതി വാങ്ങണമെന്നും മന്ത്രാലയം മുമ്പ്് നിര്‍ദേശിച്ചിരുന്നു. ഇത് ഏറെപ്പേര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നു പരാതി ഉയര്‍ന്നതോടെയാണ് നാര്‍ക്കോട്ടിക്-സൈക്കോതെറാപ്പിക് മരുന്നുകള്‍ക്കാണ് പ്രത്യേക അനുമതി ആവശ്യമെന്നു മന്ത്രാലയം വ്യക്തത വരുത്തിയത്.

സ്വകാര്യ ഉപയോഗത്തിനുള്ള മരുന്നുകള്‍ യുഎഇയില്‍ നിയന്ത്രണമില്ലാത്തവയാണെങ്കില്‍ മൂന്ന് മാസത്തേക്കുള്ളതും നിയന്ത്രണമുള്ളതാണെങ്കില്‍ ഒരു മാസത്തേക്കും മാത്രമേ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. നിരവധി ഫാര്‍മസികളുള്ള യുഎഇയില്‍ പുറത്ത് നിന്ന് മരുന്നുകള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് ഒപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഒരു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി തന്നെ അനുമതി ലഭിക്കും. അധിക ചാര്‍ജുകളൊന്നും ഇതിനായി നല്‍കേണ്ടതില്ല. www.mohap.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

യുഎഇ നാര്‍ക്കോട്ടിക് നിയമം 14 അനുസരിച്ച് അനുമതി ആവശ്യമുള്ള മരുന്നുകളുടെ വിശദമായ പട്ടിക മന്ത്രാലയ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍ക്കും നിരോധിച്ച വസ്തുക്കള്‍ ചേര്‍ത്തു നിര്‍മിക്കുന്ന മരുന്നുകള്‍ക്കും പ്രത്യേക അനുമതി ആവശ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x