Currency

എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍

സ്വന്തം ലേഖകന്‍Monday, November 19, 2018 2:29 pm

വാഷിംഗ്ടണ്‍: എച്ച് 1 ബി വസിക്കാരുടെ ജീവിതപങ്കാളിക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്ന വര്‍ക്ക് ഓതറൈസേഷന്‍ റദ്ദാക്കാനുള്ള ട്രമ്പിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അന്ന എഷോ, സൊ ലോഫ്ഗ്രെന്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

ഒബാമയുടെ കാലത്താണ് ഇത്തരത്തിലുള്ള എച്ച് 4 വിസ അനുവദിച്ചത്. എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരുടെ വിദ്യാസമ്പന്നരായ ജീവിതപങ്കാളിക്ക് തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കുന്നത് അവരുടെ കുടുംബജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുമെന്ന ചിന്തയാണ് ഇത്തരമൊരു നീക്കത്തിനു കാരണമായത്. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് കാത്തിരിക്കുന്ന പതിനായിരങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

പുതിയ നയം ആവിഷ്‌കരിച്ച ശേഷം ഒരു ലക്ഷത്തിലധികം പേര്‍ക്ക് വര്‍ക്ക് ഓതറൈസേഷന്‍ ലഭിച്ചിരുന്നു. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്. ഈ വര്‍ഷം അവസാനത്തോടെ എച്ച് 4 വിസ റദ്ദാക്കാനാണ് ട്രമ്പ് ഭരണകൂടം ശ്രമിക്കുന്നത്. എച്ച് 4 വിസയുടെ ആനുകൂല്യം ഇല്ലാതായാല്‍ എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്ന പലരും അവരുടെ ജീവിതപങ്കാളിയെ മാതൃരാജ്യത്തേക്ക് മടക്കി അയക്കാന്‍ നിര്‍ബന്ധിതമാകുമെന്നും, അവര്‍ അവിടെ പോയി അമേരിക്കന്‍ ബിസിനസിനെതിരേയാകും മത്സരിക്കുകയെന്ന് ബില്‍ അവതരിപ്പിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x