
ദുബായ്: ദുബായില്‍ ഗതാഗതസംവിധാനങ്ങള്‍ കൂടുതല്‍ ‘സ്മാര്‍ട്’ ആക്കാന്‍ 58 കോടി ദിര്‍ഹത്തിന്റെ പദ്ധതി. അല്‍ ബര്‍ഷയില്‍ ഏറ്റവും നൂതന സംവിധാനങ്ങളോടെ ഗതാഗത നിയന്ത്രണ കേന്ദ്രം നിര്‍മിക്കും. എമിറേറ്റിലെ എല്ലാ പാതകളും ഇതിന്റെ പരിധിയില്‍ വരും. ഗതാഗത മേഖലയില്‍ നിലവിലുള്ള 11% സ്മാര്‍ട് സംവിധാനങ്ങള്‍ 60% ആക്കും. 5 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക.
റോഡുകളില്‍ കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയെന്നതാണു പ്രാഥമിക ഘട്ടം. ക്യാമറകള്‍, റഡാറുകള്‍ എന്നിവയ്ക്കു പുറമെ ബ്ലൂടൂത്ത് ഉപകരണങ്ങളും സ്ഥാപിക്കും. കാലാവസ്ഥാ മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന സെന്‍സറുകളും സജ്ജമാക്കും. ആര്‍ടിഎ, പൊലീസ് കേന്ദ്രങ്ങളുമായി ഇവ ബന്ധിപ്പിക്കും. റോഡിന്റെ നിലവാരത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് അറിയിപ്പ് നല്കുന്ന സംവിധാനങ്ങളാണ് അടുത്തഘട്ടം. ഇതിനായി 112 സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഫൈബര്‍ ഒപ്ടിക് ലൈനുകളും ഇലക്ട്രിക് കേബിളുകളും സ്ഥാപിക്കുന്ന ജോലികളാണ് മൂന്നാമത്തേത്. 400 കിലോമീറ്ററില്‍ ഇവ സ്ഥാപിക്കും.
കേന്ദ്രീകൃത ഗതാഗത സംവിധാനമാണ് നാലാംഘട്ടം. വിവിധ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും അതിവേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യും. ഉപപാതകളിലെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാകും. അഞ്ചാംഘട്ടത്തിലാണ് ബര്‍ഷയില്‍ ട്രാഫിക് കണ്ട്രോള് സെന്റര്‍ നിര്‍മിക്കുക. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കി റോഡുകള്‍ സുരക്ഷിതമാക്കാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.