
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാങ്കേതിക സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതായി അധികൃതര്‍. എമിറേറ്റിലെ വിമാനത്താവളങ്ങള്‍ പ്രതിദിനം 1.60 ലക്ഷം പേരാണ് പ്രയോജനപ്പെടുത്തുന്നത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്മാര്‍ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരുടെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പിലെ ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അശന്‍ഖീത്തി പറഞ്ഞു. എമിഗ്രേഷന്‍ നടപടികള്‍ക്കായി യാത്രക്കാര്‍ കൂടുതല്‍ സമയം കാത്തു നില്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കും. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ടെര്‍മിനല്‍ മൂന്നില്‍ 3 ഇ- കവാടങ്ങള്‍ കൂടി തുറക്കും. രാജ്യത്തേക്കു വരുന്നവര്‍ക്ക് 3 വരിയായി ഇതിലൂടെ പ്രവേശിക്കാം ഇവയുടെ കാര്യക്ഷമത കഴിഞ്ഞ മാസം മുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 2000 പേര് ഇതിനോടകം പ്രയോജനപ്പെടുത്തി. അടുത്ത വര്‍ഷാവസാനം 1.6 കോടി പേര്‍ക്ക് സ്മാര്‍ട് കവാടങ്ങള്‍ വഴി കടക്കാം. 30% പേര് ഇ-ഗേറ്റ് വഴിയാകും യാത്ര ചെയ്യുക. ഇ- കവാടങ്ങള്‍ കൂടുന്നതോടെ പാസ്പോര്‍ട്ട് സേവന ഉദ്യോഗസ്ഥര്‍ കുറയുമെന്നും ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങളിലെ ഇ- കവാടം പ്രയോജനപ്പെടുത്താന്‍ ഒരു തവണ മാത്രം റജിസ്റ്റര്‍ ചെയ്താല്‍ മതി. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യമൊരുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.