
ഷാര്‍ജ: നഗരസഭയുടെ പാര്‍ക്കിങ് സ്ഥലങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വന്നു. നിലവില്‍ ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. വൈകാതെ ഡൂവിലും ഇത് ലഭ്യമാകും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ് നിരക്ക് മാസാവസാനം ബില്ലിന്റെ കൂടെ അടയ്ക്കാം. എസ്.എം.എസ്. വഴി ബുക്കുചെയ്തു കഴിയുമ്പോള്‍ തന്നെ പാര്‍ക്കിങ് അനുവദിക്കുന്ന വിര്‍ച്വല്‍ പെര്‍മിറ്റ് എസ്.എം.എസായി ലഭിക്കും.
പ്രീപെയ്ഡ് ഉപഭോക്താക്കളുടെ പാര്‍ക്കിങ് നിരക്ക് ഫോണിലുള്ള െക്രഡിറ്റില് നിന്ന് ഈടാക്കും. അതുകൊണ്ടുതന്നെ ഈ സേവനം ഉപയോഗിക്കുമ്പോള്‍ ഫോണില്‍ ആവശ്യത്തിന് ബാലന്‍സുണ്ടെന്ന് ഉറപ്പ് വരുത്തണം. സ്മാര്‍ട്ട് സേവനങ്ങള്‍ വിപുലീകരിച്ച് എമിറേറ്റിലെ ജനങ്ങളുടെ ദൈനംദിന ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വണ്ടിയുടെ നമ്പര്‍പ്ലേറ്റും പാര്‍ക്കിങ് ആവശ്യമുള്ള സമയവും കാണിച്ച് 5566 എന്ന നമ്പറിലേക്കാണ് എസ്.എം.എസ്. ചെയ്യേണ്ടത്.
പാര്‍ക്കിങ്ങിന്റെ സമയം തീരുന്നതിന് പത്ത് മിനിറ്റ് മുന്‍പ് വാഹന ഉടമയ്ക്ക് വീണ്ടും എസ്.എം.എസ്. ലഭിക്കും. ഷാര്‍ജയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കില്‍ SHJ എന്ന് വലിയ അക്ഷരത്തില്‍ ചൈപ്പ് ചെയ്തതിന് ശേഷം വാഹനത്തിന്റെ നമ്പറും ആവശ്യമുള്ള സമയവും അടിച്ചതിന് ശേഷം 5566 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ മതി. മറ്റ് എമിറേറ്റുകളിലെ വാഹനങ്ങളും ഇതേ രീതിയാണ് അവലംബിക്കേണ്ടത്. ദുബായ് വാഹനമാണെങ്കില്‍ DXB എന്നാണ് അടിക്കേണ്ടത് എന്ന് മാത്രം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.