Currency

പതിമൂന്നാമത്തെ വയസില്‍ ദുബായില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമ; താരമായി മലയാളി ബാലന്‍

സ്വന്തം ലേഖകന്‍Tuesday, December 18, 2018 1:21 pm

ദുബായ്: സൈബര്‍ ലോകത്തെ മിന്നും താരമാകുകയാണ് പതിമൂന്നുകാരനായ ആദിത്യന്‍ രാജേഷ്. മെബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്വന്തമായി ട്രിനെറ്റ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നിര്‍മ്മിച്ചിരിക്കുകയാണ് ആദിത്യന്‍. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യന്‍. ഒമ്പതാമത്തെ വയസില്‍ ആദ്യമായി ഒരു മൊബൈല്‍ ആപ്ലിക്കേന്‍ വികസിപ്പിച്ചെടുത്ത ഈ മിടുക്കന് യു എ ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്നാണ് വിശേഷണം.

അബുഹെയിലിലെ എലൈറ്റ് ഇംഗ്ലിഷ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. കമ്പനിയിലെ ‘സഹപ്രവര്‍ത്തകരും’ ഇതേ ക്ലാസ്സിലെ രണ്ടു വിദ്യാര്‍ഥികള്‍. അടുത്ത വര്‍ഷം സ്‌കൂളുകള്‍ക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ആദിത്യന്‍. ടീച്ചര്‍ അസിസ്റ്റന്റ് എന്ന ഈ സോഫ്റ്റ് വെയര്‍ ജനുവരിയില്‍ പുറത്തിറങ്ങും. ഒമ്പതാം വയസ്സില്‍ ആശീര്‍വാദ് എന്ന മൊബൈല്‍ ആപ്പ് സ്റ്റോര്‍ വികസിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ച ആദിത്യന് യുടൂബില്‍ സ്വന്തം ചാനലുമുണ്ട്. എ ക്രേസ എന്ന ചാനല്‍ വഴി ലൈവ് ക്ലാസ്സുകളും. കൃത്രിമ ബുദ്ധി മേഖലയിലും താല്‍പര്യമുണ്ട്. ട്രിനെറ്റ് കമ്പനിയുടെ പേരു മാറ്റുന്നതും ആലോചനയിലാണെന്ന് ആദിത്യന്‍. പക്ഷേ, അഞ്ചുവര്‍ഷം അതിനു കാത്തിരിക്കണം. 18 വയസ്സ് തികഞ്ഞ് കമ്പനി റജിസ്റ്റര്‍ ചെയ്യാന്‍.

ചമ്പക്കുളം സ്വദേശി രാജേഷ് നായരുടെയും തിരുവല്ല വളഞ്ഞവട്ടം സ്വദേശിനി ശ്രീരഞ്ജിനിയുടെയും മകനായ ആദിത്യ നാലുവരെ പഠിച്ചത് ഗര്‍ഹൂദിലെ നിംസില്‍. കുഞ്ഞായിരിക്കുമ്പോഴെ കംപ്യൂട്ടറുകളോടും മൊബൈലിനോടുമായിരുന്നു ആദിത്യനു പ്രിയമെന്ന് രാജേഷ് പറയുന്നു. എപ്പോഴും മൊബൈലില്‍ കളിക്കുന്നതിനും കംപ്യൂട്ടറിനു മുന്നില്‍ കുമ്പിട്ടിരിക്കുന്നതിനും ശകാരിച്ചിട്ടുമുണ്ട്. എന്നാല്‍ ഒമ്പതാം വയസ്സില്‍ ആശീര്‍വാദ് വികസിപ്പിച്ചതോടെ സ്ഥിതി മാറി. പ്ലേസ്റ്റോര്‍ പോലെ ഒരു മാര്‍ക്കറ്റ്. എന്നാല്‍ സൗജന്യമായി ആപ്പുകള്‍ ഇവിടെ നിക്ഷേപിക്കാനാകണം. ഇതായിരുന്നു ആശീര്‍വാദിനെക്കുറിച്ചുള്ള ആദിത്യന്റെ പദ്ധതി. ഇപ്പോള്‍ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതിലും വെബ് ഡിസൈനിങ്ങിലുമാണ് ശ്രദ്ധ. തിരുവല്ലയിലാണ് ആദിത്യന്‍ ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോള്‍ കുടുംബം ദുബായിലേക്ക് പോകുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x