Currency

ഫ്‌ലൈദുബായ് വിമാനക്കമ്പനി കോഴിക്കോട്ടേക്ക് സര്‍വീസ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Friday, December 21, 2018 2:53 pm

ദുബായ്: ദുബായില്‍ നിന്നുള്ള ഫ്‌ലൈദുബായ് വിമാനക്കമ്പനി കോഴിക്കാേട്ടേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് ഫ്ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബായില്‍ വന്നിറങ്ങും.

ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാര്‍ഹമാണെന്നും ഏതാനും വര്‍ഷങ്ങളായി വാണിജ്യ വിനോദ സഞ്ചാര മേഖലയില്‍ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടതായും സര്‍വീസ് പ്രഖ്യാപിച്ച ഫ്‌ലൈദുബൈ സി.ഇ.ഒ ഗൈത് അല്‍ ഗൈത് ചൂണ്ടിക്കാട്ടി. യുഎഇയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് ഇന്ത്യയില്‍നിന്നാണ്. 2017ല്‍ 20 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും ഗൈത് അല്‍ ഗൈത് പറഞ്ഞു.

ഫ്‌ലൈദുബായ് സര്‍വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ എട്ടാമത് കേന്ദ്രമാണ് കോഴിക്കോടെന്ന് ഫ്‌ലൈദുബായ് സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ സുധീര്‍ ശ്രീധരന്‍ വ്യക്തമാക്കി. കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ ഫ്ളൈദുബായിയുടെ വെബ്സൈറ്റ് വഴി ബുക്കുചെയ്യാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x