Currency

യുകെയിലെ വീട് വിലകളില്‍ ഡിസംബറില്‍ 0.7 ശതമാനം ഇടിവ്; അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച

സ്വന്തം ലേഖകന്‍Saturday, January 5, 2019 1:00 pm

ലണ്ടന്‍: ഡിസംബറില്‍ യുകെയിലെ വീട് വിലകളില്‍ 0.7 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ വില തകര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷമുണ്ടായതെന്നും പുതിയ നാഷന്‍വൈഡ് ഹൗസ് പ്രൈസ് ഇന്‍ഡെക്സ് വ്യക്തമാക്കുന്നു. വീടിന്റെ ശരാശരി വില ഡിസംബറില്‍ 212,281 പൗണ്ടിലേക്കാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. നവംബറില്‍ ഇത് 214,044 പൗണ്ടായിരുന്നു.

2017ല്‍ വിലക്കയറ്റം 2.6 ശതമാനമായിരുന്നുവെങ്കില്‍ 2018ല്‍ അത് വെറും 0.5 ശതമാനമായി ഇടിയുകയായിരുന്നു. യുകെയിലെ സമ്പദ് വ്യവസ്ഥയിലുണ്ടായ അനിശ്ചിതത്വമാണ് വിലയിടിവിനുള്ള പ്രധാന കാരണമെന്നാണ് നാഷന്‍ വൈഡ് എടുത്ത് കാട്ടുന്നത്. നിലവില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ അസാധാരണായ വിധത്തില്‍ അനിശ്ചിതത്വം നിറഞ്ഞ അവസ്ഥയിലാണെന്ന് നാഷന്‍ വൈഡ് ചീഫ് എക്കണോമിസ്റ്റായ റോബര്‍ട്ട് ഗാര്‍ഡ്നര്‍ ചൂണ്ടിക്കാട്ടുന്നു.

സമ്പദ് വ്യവസ്ഥ മിതമായ തോതിലെങ്കിലും വളര്‍ച്ച പ്രകടിപ്പിക്കുകയും തൊഴിലില്ലായ്മ നിരക്കും കടം വാങ്ങുന്നതിനുള്ള ചെലവുകളും നിലവിലെ നിരക്കില്‍ തുടരുകയാണെങ്കിലും 2019ല്‍ യുകെയിലെ വീട് വിലകള്‍ കുറച്ചെങ്കിലും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീട് വിലകളില്‍ 5.8 ശതമാനം വര്‍ധനവുമായി നോര്‍ത്തേണ്‍ അയര്‍ലണ്ടാണ് രാജ്യത്ത് 2018ല്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. വെയില്‍സില്‍ ശരാശരി വര്‍ധനവായ 4 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡിലും ഇംഗ്ലണ്ടിലും യഥാക്രമം 0.9 ശതമാനവും 0.7 ശതമാനവുമാണ് വീട് വിലകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ലണ്ടന്‍ മാര്‍ക്കറ്റില്‍ വീടുകളുടെ വിലയില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ട്. ഇവിടെ കഴിഞ്ഞ വര്‍ഷം 0.8 ശതമാനമാണ് വിലയിടിഞ്ഞിരിക്കുന്നത്. തലസ്ഥാനത്ത് തുടര്‍ച്ചയായ ആറ് ക്വാര്‍ട്ടറിലും വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x