
ഓസ്‌ട്രേലിയ: ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഒരു മാസത്തിനിടെ കാര്യമായ കുറവുണ്ടായതായി രാജ്യമാകമാനമുള്ള വിവിധ പോലീസ് സേനകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ആരുടെ ഫോണും അവരുടെ അനുവാദമില്ലാതെ പരിശോധിക്കുന്നതിന് പോലീസിന് അധികാരമേകുന്ന പുതിയ നിയമമായ ആക്സസ് ആന്‍ഡ് അസിസ്റ്റന്‍സ് ബില്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു. ഇത് ഫലം കണ്ട് തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഫെഡറല്‍ ഗവണ്‍മെന്റ് മുന്നോട്ട് വച്ച നിയമത്തിന് ഭേദഗതിയില്ലാതെ ലേബറും പിന്തുണയേകുകയായിരുന്നു. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കകളും പ്രതിഷേധവും രാജ്യമാകമാനം ശക്തമാവുകയും ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച് വാട്സാപ്പ് അടക്കമുള്ള എന്‍ക്രൈപ്റ്റഡ് കമ്യൂണിക്കേഷനുകളില്‍ പോലും ആളുകളുടെ അനുവാദമില്ലാതെ ഇടപെടാന്‍ അധികൃതര്‍ക്ക് സാധിക്കും. ഇത് പ്രകാരം ഇന്റലിജന്‍സ് ഒഫീഷ്യലുകള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ സാധിക്കും. ഇതിനെ തുടര്‍ന്ന് സ്വകാര്യതയ്ക്കുള്ള അവകാശമാണോ അതല്ല ദേശീയ സുരക്ഷിതത്വമാണോ പ്രധാനം എന്ന വിഷയത്തെ ചൊല്ലി കടുത്ത ചര്‍ച്ചക്കാണ് രാജ്യമാകമാനം തിരികൊളുത്തപ്പെട്ടിട്ടുമുണ്ട്.
പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാനാവുമെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെട്ടിരിക്കുന്നത്. സിഗ്‌നല്‍, വാട്സാപ്പ്, വിക്കര്‍ തുടങ്ങിയ എന്‍ക്രൈപ്റ്റഡ് മാര്‍ഗങ്ങളിലൂടെയാണ് തീവ്രവാദികള്‍ ആക്രമങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാസൂത്രണത്തിന് ആശയവിനിമയം നടത്തുന്നതെന്ന് വ്യക്തമായതോടെയാണ് ഈ നിയമത്തിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
എന്നാല്‍ പുതിയ നിയമം ആളുകളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നാണ് ഇതിനെ എതിര്‍ക്കുന്ന പ്രൈവസി ഗ്രൂപ്പുകള്‍ വാദിക്കുന്നത്. ടെക് ഭീമന്‍മാരായ ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, തുടങ്ങിയവരടക്കം ഇതിനെതിരെ മുന്നോട്ട് വന്നിരിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.