Currency

യുഎഇയിൽ 63 ശതമാനം കമ്പനികളും പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു

സ്വന്തം ലേഖകൻWednesday, September 21, 2016 4:52 pm

യുഎഇയിലെ 63 ശതമാനം കമ്പനികളും വരുന്ന ആറു മാസത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. 12 ശതമാനം കമ്പനികളും പലജോലികൾ ചെയ്യാൻ പ്രാപ്തരായ ആളുകളെയാണു നിയമിക്കാൻ ആഗ്രഹിക്കുന്നത്.

ദുബായ്: സ്ഥിതിഗതികൾ അൽപ്പം മോശമാണെങ്കിലും യുഎഇയിലെ 63 ശതമാനം കമ്പനികളും വരുന്ന ആറു മാസത്തിനുള്ളിൽ പുതിയതായി ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ റിക്രൂട്ട്മെന്റ് മേഖലയിലെ ബ്ലൂവോ നടത്തിയ സർവ്വേയിൽ 12 ശതമാനം കമ്പനികളും പലജോലികൾ ചെയ്യാൻ പ്രാപ്തരായ ആളുകളെയാണു പുതിയതായി നിയമിക്കാൻ ആഗ്രഹിക്കുന്നതെന്നും പറയുന്നു.

അതേസമയം 15 ശതമാനം തൊഴിൽദാതാക്കൾ നിലവിലെ ജീവനക്കാരെ മാറ്റി പകരം ആളുകളെ നിയമിക്കാനാണ് ആഗ്രഹിക്കുന്നത്. മുൻ സർവ്വേ ഫലങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ചാൽ മനസ്സിലാകുന്നത് നാല് ശതമാനത്തിന്റെ വർദ്ധനവാണു യുഎഇയിൽ കമ്പനികളും തൊഴിൽ ദാതാക്കളും പുതിയതായി നിയമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്ന് ബ്ലൂവോ.കോം സഹസ്ഥാപകനും സിഇഓയുമായ അഹമ്മദ് ഖമിസ് പറയുന്നു.

അതിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചില കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നുമുണ്ട്. 12 ശതമാനം കമ്പനികൾ പറയുന്നത് ഈ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം തങ്ങൾക്ക് വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നാണ്. യുഎഇയിലെ സാമ്പത്തിക മേഖലയെ ഭൂരിപക്ഷം കമ്പനികളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും സർവ്വേഫലം ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x