
ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ റെക്കോര്‍ഡ് ചൂടിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സൗത്ത് ഓസ്ട്രേലിയയ്ക്ക് പിന്നാലെ ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില പുതിയ റെക്കോര്‍ഡിലേക്കെത്തി.
പടിഞ്ഞാറന്‍ ന്യൂ സൗത്ത് വെയില്‍സിലെ മെനിന്‍ഡീ, വില്‍കാനിയ, ഇവാന്‍ഹോ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാഴാഴ്ച 48 ഡിഗ്രി വരെയാണ് ചൂട് അനുഭപ്പെട്ടത്. മൗണ്ട് ഹോപ്പ്, നൂന മേഖലകളില്‍ 47 ഡിഗ്രിയായിരുന്നു ചൂട്. പശ്ചിമ സിഡ്നി മേഖലകളിലും 40 ഡിഗ്രിയോളമാണ് ചൂട്. പല പ്രദേശങ്ങളിലും 80 വര്‍ഷത്തെ റെക്കോര്‍ഡ് താപനിലയാണ് ഇത്.
പോര്‍ട്ട് മക്വാറിക്ക് സമീപത്ത് ഓക്സ്ലി ഹൈവേയിലെ ടാര്‍ കനത്ത ചുടില്‍ ഉരുകിയൊലിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നു. സംസ്ഥാനത്ത് 230ഓളം പ്രദേശങ്ങളില്‍ കാട്ടുതീയും പടരുന്നുണ്ട്.
വെള്ളിയാഴ്ച പല പ്രദേശങ്ങളിലും ചൂട് ഇനിയും കൂടും. പശ്ചിമ സിഡ്നിയിലെ പെന്റിത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 45 ഡിഗ്രിയെങ്കിലും ചൂടുണ്ടാകും എന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും സ്ഥിതി അല്പം മെച്ചപ്പെടുമെങ്കിലും അടുത്തയാഴ്ച വീണ്ടും വഷളാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ചൂട് കാരണം നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.