Currency

ഗള്‍ഫില്‍ നിന്നും കണ്ണൂരിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

സ്വന്തം ലേഖകന്‍Wednesday, January 23, 2019 12:22 pm

ഷാര്‍ജ: പ്രവാസികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കുന്നു. ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍-ഷാര്‍ജ പ്രതിദിന സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ. കെ. ശ്യാംസുന്ദര്‍ ദുബായില്‍ അറിയിച്ചു.

മസ്‌കറ്റില്‍ നിന്നും ബഹ്റൈന്‍ വഴി കുവൈറ്റില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍- ഷാര്‍ജ സര്‍വീസ് ദിവസേനയാക്കും. അബുദാബി-കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കും ദോഹയിലേക്കുമുള്ള സര്‍വീസുകളും വര്‍ധിപ്പിക്കും.

അബുദാബിയിലേക്ക് തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും രണ്ടു പുതിയ സര്‍വീസുകളാണ് തുടങ്ങുന്നത്. ഇതിനു പുറമെ മസ്‌കറ്റിലേക്കും ബഹ്റൈന്‍ വഴി കുവൈത്തിലേക്കും കണ്ണൂരില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂരില്‍നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന വിമാനം രാത്രി 7.50ന് മസ്‌കറ്റില്‍ എത്തും. മസ്‌കറ്റില്‍നിന്ന് രാത്രി 8.50ന് പുറപ്പെട്ട് അടുത്തദിനം പുലര്‍ച്ചെ 2.05ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിനും ദോഹയ്ക്കുമിടയില്‍ നിലവിലുള്ള സര്‍വീസ് ആഴ്ചയില്‍ അഞ്ചായി ഉയര്‍ത്തും. കോഴിക്കോട്-റിയാദ് മേഖലയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും.

കണ്ണൂരിനും ദുബായിക്കുമിടയില്‍ ഉടന്‍ സര്‍വീസ് തുടങ്ങില്ല. ഇന്ത്യക്കും ഗള്‍ഫിനുമിടയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകള്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള കരാര്‍ അനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ലഭ്യമായാലേ ദുബായ്- കണ്ണൂര്‍ സര്‍വീസ് തുടങ്ങാന്‍ കഴിയുകയുള്ളൂ. ഷാര്‍ജയില്‍നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് അടുത്തമാസം 16 മുതല്‍ വിമാനസര്‍വീസ് ആരംഭിക്കും. തുടക്കത്തില്‍ തിങ്കള്‍, ശനി ദിവസങ്ങളിലാവും സര്‍വീസ്. മാര്‍ച്ച് 31നുശേഷം ഇതു നാലുവീതം സര്‍വീസാക്കും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാവും ഇത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x