
ഓസ്ട്രേലിയ: 2019ലെ ഓസ്ട്രേലിയ ഡേയോടനുബന്ധിച്ചുള്ള ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങള്‍ രണ്ടു മലയാളികള്‍ക്കും. കാര്‍ഷിക-വ്യവസായ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് വിക്ടോറിയയിലെ ഷെപ്പാര്ട്ടനിലുള്ള ഡോ. പരമേശ്വരന് മേനോനെയും, ഏജ്ഡ് കെയര്‍ മേഖലയിലെ നേട്ടങ്ങള്‍ക്ക് അഡ്ലൈഡിലെ വിവേക് പത്മനാഭനെയുമാണ് ഉന്നത ദേശീയ പുരസ്കാരങ്ങള്‍ക്ക് തെരഞ്ഞെടുത്തത്.
രാജ്യത്തെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ കാഴ്ചവയ്ക്കുന്നവര്‍ക്കാണ് ഓസ്ട്രേലിയ ഡേയോടനുബന്ധിച്ചുള്ള പുരസ്കാരങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഓസ്ട്രേലയന്‍ ഓഫ് ദി ഇയറായി രണ്ടു പേരെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. തായ്ലന്റില് ഗുഹയിലകപ്പെട്ട ഫുട്ബോള്‍ താരങ്ങളെ രക്ഷിച്ച മുങ്ങല്‍ വിദഗ്ധര്‍ റിച്ചാര്‍ഡ് ഹാരിസും ക്രെയ്ഗ് ചാലനുമാണ് ഇത്.
പൊതുവിഭാഗത്തില്‍ 1127 പേര്‍ക്കാണ് ഇത്തവണ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം. ഇതില്‍, മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരമാണ് മലയാളികളായ ഡോ. പരമേശ്വരന് മേനോനും വിവേക് പത്മനാഭനും ലഭിച്ചിരിക്കുന്നത്.
1970കളില്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഇരുവരും ദീര്‍ഘകാലമായി സമൂഹത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം. കാര്‍ഷിക-വ്യവസായ രംഗത്ത് ഏറെക്കാലമായി നല്കിയ നിരവധി സംഭാവനകളാണ് ഡോ. പരമേശ്വരന് മേനോനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയായ അദ്ദേഹം ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രത്യേക സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിനായാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. വിക്ടോറിയയിലെ ഷെപ്പാര്ട്ടനില് താമസിക്കുന്ന അദ്ദേഹം 1975 മുതല്‍ 2004 വരെ മെല്‍ബണ്‍ യൂണിവേഴ്സിറ്റിയില്‍ കാര്‍ഷിക വിഭാഗം അധ്യാപകനായിരുന്നു. ഗോള്‍ബേണ്‍-മറേ ജലവിഭവ പദ്ധതിയില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന അദ്ദേഹം ഷെപ്പാര്‍ട്ടന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസില്‍ ഡയറക്ടറുമായിരുന്നു. E10 പെട്രോളിനായി എത്തനോള്‍ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാനമായ ഗവേഷണവും ഡോ. മേനോന് നടത്തിയിട്ടുണ്ട്.
അഡ്ലൈഡ് ആസ്ഥാനമായ ഏജ്ഡ് കെയര്‍ ശൃംഖലയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് വിവേക് പത്മനാഭന് എന്ന വിവ് പത്മന്. കണ്ണൂരില്‍ നിന്നും ഉഗാണ്ടയിലേക്ക് കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്റെ അച്ഛനുമമ്മയും. പിന്നീട് അഭയാര്‍ത്ഥികളായാണ് ഉഗാണ്ടയില്‍ നിന്ന് ഈ കുടുംബം ഓസ്ട്രേലിയയിലേക്ക് എത്തിയത്.
1984ല്‍ പത്മന് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന് തുടക്കമിട്ടുകൊണ്ടാണ് അദ്ദേഹം ഏജ്ഡ് കെയര്‍ രംഗത്തേക്ക് എത്തുന്നത്. ഈ സ്ഥാപനം 2014ല്‍ 150 മില്യണ്‍ ഡോളറിന് അദ്ദേഹവും ഭാര്യ ഫ്ളോറന്‍സ് പത്മനും വിറ്റത് ഓസ്ട്രേലിയന്‍ ബിസിനസ് രംഗത്ത് വലിയ വാര്‍ത്തയായിരുന്നു. 2014 ല്‍ പ്രീമിയര്‍ ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങിയ അദ്ദേഹം അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
ഏജ്ഡ് കെയര്‍ അസോസിയേഷന് ഓഫ് ഓസ്ട്രേലിയയുടെ മുന്‍ പ്രസിഡന്റും ബോര്‍ഡ് മെംബറുമായ വിവേക് പത്മനാഭന്, ഹെല്‍ത്ത് എംപ്പോയീസ് സൂപ്പറാന്വേഷന്‍ ട്രസ്റ്റ് ഓഫ് ഓസ്ട്രേലിയയുടെ ഡയറക്ടറുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.