Currency

യുഎഇയിലും ഒമാനിലും കൊതുകുകള്‍ പെരുകുന്നു; ജാഗ്രത, മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Friday, February 1, 2019 2:17 pm

ദുബായ്: യുഎഇയിലും ഒമാനിലും കൊതുകുകള്‍ പെരുകുന്നത് ഭാവിയില്‍ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തിയേക്കുമെന്നു ഗവേഷകരുടെ മുന്നറിയിപ്പ്. സമീപകാലത്ത് പല രോഗങ്ങളും കണ്ടെത്തിയത് ഇതിനുള്ള സാധ്യത ബലപ്പെടുത്തുന്നു. പ്രാഥമിക പഠനങ്ങള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ഗവേഷണ പരിപാടികള്‍ ഊര്‍ജിതമാക്കാനാണു തീരുമാനം. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ്, മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി, വിയന്നയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിന്‍ എന്നിവിടങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഗവേഷണം.

അറബ് ഹെല്‍ത്ത് എക്‌സിബിഷനോട് അനുബന്ധിച്ചു നടന്ന പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്തു. 4500ല്‍ ഏറെ രാജ്യാന്തര പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യുഎഇയിലെയും മസ്‌കത്തിലെയും വിവിധ മേഖലകളില്‍ പലയിനത്തില്‍പ്പെട്ട കൊതുകുകളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതായി മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ മൈക്രോബയോളജി പ്രഫസര്‍ നോര്‍ബര്‍ട് നൊവോട്‌നി പറഞ്ഞു. ക്യുലക്‌സ് കൊതുകുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ രോഗഭീഷണി ഉയര്‍ത്തുന്നുണ്ടോയെന്നു കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

ക്യുലക്‌സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ വൈറസ് (ഡബ്ല്യുഎന്‍വി) പരത്തുന്നത്. യുഎഇയില്‍ മൃഗങ്ങളിലും ഒമാനില്‍ മനുഷ്യരിലും ഈ വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഗവേഷണത്തിനായി കണ്ടെത്തിയ കൊതുകുകളില്‍ വെസ്റ്റ് നൈല്‍ വൈറസുകളില്ല. വിവിധ രാജ്യങ്ങളില്‍ നിന്നു യുഎഇയില്‍ എത്തുന്നവരില്‍ പലതരം പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യത്തു കൊതുകുകള്‍ പെരുകുന്നത് പകര്‍ച്ച വ്യാധികള്‍ക്കു കാരണമായേക്കാമെന്നും മുന്നറിയിപ്പു നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x