Currency

എച്ച്1 ബി വിസ നിയമം പരിഷ്‌കരിച്ചു; യു.എസില്‍ നിന്ന് ഉന്നത ബിരുദം നേടിയവര്‍ക്ക് മുന്‍ഗണന

സ്വന്തം ലേഖകന്‍Friday, February 1, 2019 4:02 pm

ന്യൂയോര്‍ക്: എച്ച്1 ബി വിസ രജിസ്‌ട്രേഷന്‍ ചട്ടങ്ങളെക്കുറിച്ചുള്ള അന്തിമ മാര്‍ഗരേഖ കഴിഞ്ഞ ദിവസം യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്മന്റെ് പുറത്തിറക്കി. ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

യു.എസിലെ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദം നേടുന്നവര്‍ക്കാണ് വിസചട്ടങ്ങളില്‍ മുന്‍ഗണന. അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിസ നല്‍കേണ്ടുന്നവരെ തീരുമാനിക്കുന്ന ലോട്ടറി സമ്പ്രദായത്തിലും മാറ്റംവരുത്തും. പുതിയ ചട്ടപ്രകാരം നറുക്കെടുപ്പില്‍ യു.എസില്‍നിന്ന് ഉന്നത ബിരുദം നേടിയവര്‍ക്കായിരിക്കും മുന്‍ഗണന. യു.എസ് ബിരുദമില്ലാത്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതു വെല്ലുവിളിയാകും. ഐ.ഐ.ടി/ഐ.ഐ.എം പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍നിന്ന് ബിരുദം നേടിയവരാണ് ഏറെപേരും.

യു.എസില്‍ പ്രതിവര്‍ഷം പൊതുവിഭാഗത്തില്‍ കോണ്‍ഗ്രസ് പരിധിവെച്ച 65,000ത്തില്‍ കൂടുതല്‍ വിസ അപേക്ഷകരുണ്ടാകാറുണ്ട്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം 2000 കവിയും. ഇതില്‍നിന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിത തെരഞ്ഞെടുപ്പിലൂടെയാണ് വിസ നല്‍കേണ്ടവരെ കണ്ടെത്തുന്നത്. മാസ്‌റ്റേഴ്‌സ് കാപ് എന്നാണ് ഈ ലോട്ടറി സമ്പ്രദായം അറിയപ്പെടുന്നത്. വിദേശരാജ്യങ്ങളിലെ ഉന്നത യോഗ്യതയുള്ള യുവാക്കള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതാണ് എച്ച്1 ബി വിസ. ഇന്ത്യയിലെ ഐ.ടി ബിരുദധാരികളാണ് വിസ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x