Currency

വ്യാജ യൂണിവേഴ്സിറ്റി പ്രശ്നം; ഇന്ത്യന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് നാടുകടത്തരുതെന്ന് അമേരിക്കയോട് ഇന്ത്യ

സ്വന്തം ലേഖകന്‍Tuesday, February 5, 2019 3:07 pm

വാഷിങ്ടണ്‍: സ്റ്റുഡന്റ് വിസ തട്ടിപ്പുകാരെ കണ്ടെത്താന്‍ അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി രൂപീകരിച്ച വ്യാജ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെടുത്ത വിദ്യാര്‍ഥികളെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി നാടുകടത്തരുതെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടു. വ്യാജ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെടുത്ത നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ പല സ്ഥലങ്ങളിലുള്ള കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവരെ റിക്രൂട്ട് ചെയ്ത എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

ന്യൂഡല്‍ഹിയിലുള്ള അമേരിക്കന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ടെന്നും അഡ്മിഷനെടുത്ത വിദ്യാര്‍ഥികളെ അവരെ റിക്രൂട്ട് ചെയ്തവരെപ്പോലെ കാണരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഡീറ്റെന്‍ഷന്‍ സെന്ററുകളില്‍ തടഞ്ഞു വച്ചിട്ടുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പൂര്‍ണ വിവരം ലഭ്യമാക്കണമെന്നും, അവരുടെ താല്‍പര്യമില്ലാതെ അവരെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

കോണ്‍സുലര്‍ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്ഥലങ്ങളിലെ ഇന്ത്യന്‍ മിഷനുകളും, കോണ്‍സലേറ്റുകളും നിരവധി ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 30 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അറുനൂറോളം പേര്‍ വ്യാജ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ എടുത്തുവെന്നാണ് കണക്കാക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x