Currency

ട്രാഫിക് പിഴകള്‍ക്ക് 100 ശതമാനം വരെ ഇളവുമായി ദുബായ് പൊലീസ്

സ്വന്തം ലേഖകന്‍Thursday, February 7, 2019 12:02 pm

ദുബായ്: സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ട്രാഫിക് പിഴകള്‍ക്ക് 100 ശതമാനം വരെ ഇളവ് അനുവദിക്കുന്ന പദ്ധതിയുമായി ദുബായ് പൊലീസ്. ദുബായ് പൊലീസ് കമാണ്ടര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മറി ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാട്ടിലെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പദ്ധതി ആരംഭിച്ചത്. വര്‍ഷം മുഴുവന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നിതില്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവെന്ന് നിരീക്ഷിച്ച ശേഷം അതിന് അനുസൃതമായി മാത്രം പിഴ ഈടാക്കാനാണു തീരുമാനം. വര്‍ഷം മുഴുവന്‍ ഗതാഗത നിയമം പാലിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ പഴയ ട്രാഫിക് പിഴകള്‍ അടയ്‌ക്കേണ്ടിവരില്ല എന്നും അബ്ദുള്ള ഖലീഫ പറഞ്ഞു.

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനോ വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകള്‍ക്കോ പഴയ പിഴ അടച്ച് തീര്‍ക്കേണ്ടതില്ല. പിഴ തുക അക്കൗണ്ടില്‍ നിന്ന് പിന്നീട് ഈടാക്കുന്നതാണ്.

അതേസമയം ദുബായ് പൊലീസില്‍ നിന്ന് ലഭിച്ച പിഴകള്‍ക്ക് മാമ്രെ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് കമാണ്ടര്‍ പറഞ്ഞു.

ഇളവ് നിരക്കുകള്‍ ചുവടെ:

1- 3 മാസം നിയമങ്ങള്‍ പാലിക്കുക, 25% ഡിസ്‌കൗണ്ട് ലഭിക്കും

2- 6 മാസം നിയമങ്ങള്‍ പാലിക്കുക, 50% ഡിസ്‌കൗണ്ട് ലഭിക്കും

3- 9 മാസം നിയമങ്ങള്‍ പാലിക്കുക, 75% ഡിസ്‌കൌണ്ട് ലഭിക്കും

4- ഒരു വര്‍ഷം നിയമങ്ങള്‍ പാലിക്കുക, 100% ഡിസ്‌കൗണ്ട് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x