
ദുബായ്: തണുപ്പു പിടിമുറുക്കിയ യുഎഇയില്‍ വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെളിഞ്ഞകാലാവസ്ഥയാണെങ്കിലും രാജ്യത്ത് നല്ല തണുപ്പനുഭവപ്പെടുന്നുണ്ട്. കാറ്റും അനുഭവപ്പെടുന്നതിനാല്‍ ക്രീക്കിലും പൊതുസ്ഥലങ്ങളിലും രാത്രികാലങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. അസ്ഥിര കാലാവസ്ഥയാണ് രാജ്യത്ത് തുടരുന്നത്.
കഴിഞ്ഞദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെയാണ് തണുപ്പുകൂടിയത്. മൂടിക്കെട്ടിയ കാലാവസ്ഥ മാറിയെങ്കിലും തണുപ്പ് തുടരുകയാണ്. വടക്കന്‍ എമിറേറ്റുകളില്‍ നാളെയും മറ്റന്നാളും നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. ചൊവ്വാഴ്ച വടക്കന്‍ മേഖലകളില്‍ ഇടിയോടെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. റാസല്‍ഖൈമയിലെ ഗ്രാമീണമേഖലകളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നു. വാദികളില്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടു. ഇവയ്ക്കരികില്‍ നിന്നു താമസക്കാര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജബല്‍ ജൈസ് മലനിരകളില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.
തണുപ്പുകാലത്ത് ഇതൊരു സാധാരണ പ്രതിഭാസമാണെന്ന് അധികൃതര്‍ പറഞ്ഞു. ഫുജൈറ, കല്‍ബ, ഖോര്ഫക്കാന്, ദിബ്ബ, റാസല്‍ഖൈമ മലയോരമേഖലകള്‍ എന്നിവിടങ്ങളിലും ശക്തമായ തണുപ്പാണ്. ദംത, ദൈദ്, ഹമീം എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം താപനില 6 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. ഇന്നലെ അവധിയായിട്ടും പാതയോരങ്ങളിലും മറ്റും തിരക്കു കുറവായിരുന്നു.
അതേസമയം, താപനില കുറഞ്ഞതോടെ ഒമാനിലെ ജബല്‍ അഖ്ദറിലും ജബല്‍ ഷംസിലും വിനോദ സഞ്ചാരികളുടെ തിരക്കു കൂടി. കൊടുംതണുപ്പ് സീസണിലാണ് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ ജബല്‍ അഖ്ദറിലെത്തുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതോടെ ജബല്‍ ജൈസില് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.