
ദുബായ്: ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും എന്ന മുന്നറിയിപ്പോടെ മൂന്നുതരം മരുന്നുകള്‍ക്ക് യുഎഇയില്‍ നിരോധനം. ലൈംഗികോത്തേജന ഗുളികകളും ദഹനസഹായി ഗുളികകളുമാണ് രക്തസമ്മര്‍ദ്ദം പെട്ടെന്നു താഴ്ന്നുപോകും എന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചത്. പേരു വെളിപ്പെടുത്താത്ത ഘടകങ്ങള്‍ ഉപയോഗിച്ചാണ് മരുന്നു നിര്‍മിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.
നസ്തി, ലപ്പേഡ് മിറക്കിള്‍ ഹണി, ഫെസ്റ്റല്‍ എന്നീ മരുന്നുകളാണ് പിന്‍വലിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിങ് ഡിപ്പാര്‍ട്മെന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ ഹുസൈന് അല്‍ അമിരിയുടെ കുറുപ്പില്‍ വ്യക്തമാക്കി. പച്ചിലകളും ചെടികളുടെ സത്തയുമാണ് ചേര്‍ത്തിരിക്കുന്നതെന്ന് നസ്തിയില് കുറിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ തിയോസില്ഡനാഫില് എന്ന രാസവസ്തുവാണ് അടങ്ങിയിരിക്കുന്നതെന്ന് കുറുപ്പില്‍ ചൂണ്ടിക്കാട്ടി.
ഹൃദ്രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും ഏറെ ദോഷകരമാണ് ഈ രാസവസ്തു. നൈട്രേറ്റ് അടങ്ങിയ ഗുളിക കഴിക്കുന്നവര്‍ക്കും ഇത് ഏറെ ദോഷം ചെയ്യും. ലൈംഗികോത്തേജനത്തിനായി ഉപയോഗിക്കുന്ന ലപ്പേഡ് മിറക്കിള്‍ ഹണിയില്‍ സില്‍ഡെനാഫില്‍ എന്ന രാസവസ്തുവാണ് അടങ്ങിയിട്ടുള്ളത്. ദഹനസഹായിയായി കഴിക്കുന്ന ഫെസ്റ്റലിലും സില്ഡെനാഫിലാണ് അടങ്ങിയിരിക്കുന്നതെന്നും അല്‍ അമിരി വ്യക്തമാക്കുന്നു.
യുഎഇയിലേക്കു സന്ദര്‍ശനത്തിനു വരുന്നവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ സംബന്ധിച്ച് ഓണ്‍ലൈനായി അംഗീകാരം വാങ്ങണമെന്ന് മുന്‍പു തന്നെ അധികൃതര്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. മരുന്നുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പൊതുജനാരോഗ്യ ഡിപ്പാര്‍ട്മെന്റിന്റെ സൈറ്റിലേക്ക് അയച്ചാല്‍ ഒരു പ്രവൃത്തിദിവസത്തികം അനുമതി നല്‍കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. Www.mohap.gov.ae എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഫോം ഡൌണ്‍ലോഡ് ചെയ്യാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.